യു.എസിൽ ഹെലി‌കോ‌പ്‌റ്റർ തകർന്നുവീണു: 6 മരണം

Saturday 12 April 2025 7:20 AM IST

വാഷിംഗ്ടൺ: യു.എസിലെ ന്യൂയോർക്ക് സിറ്റിയിൽ ഹഡ്‌സൺ നദിയിലേക്ക് ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് കുട്ടികൾ അടക്കം 6 പേർ കൊല്ലപ്പെട്ടു. സീമൻസ് മൊബിലിറ്റി കമ്പനിയിൽ റെയിൽ ഇൻഫ്രാസ്ട്രക്ചർ വിഭാഗം സി.ഇ.ഒയും സ്പാനിഷ് പൗരനുമായ അഗസ്‌റ്റിൻ എസ്‌കോബാർ,ഭാര്യ മെർസ്,ഇവരുടെ 4,5, 11 വീതം വയസുള്ള മക്കൾ,ഹെലികോപ്‌റ്റർ പൈലറ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രാദേശിക സമയം,വ്യാഴാഴ്ച വൈകിട്ട് 3.15നായിരുന്നു (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 12.45) അപകടം. ന്യൂയോർക്ക് ഹെലികോപ്റ്റർ എന്ന ടൂർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബെൽ 206 മോഡൽ കോപ്റ്ററാണ് തകർന്നത്. ലോവർ മാൻഹട്ടണ് സമീപത്തെത്തിയ ഹെലികോപ്‌റ്റർ നിയന്ത്രണം വിട്ട് തലകുത്തനെ ഹഡ്സൺ നദിയിലേക്ക് പതിക്കുകയായിരുന്നു.

നദിയിൽ വീഴുന്നതിന് മുന്നേ ഹെലികോപ്‌റ്ററിന്റെ ഭാഗങ്ങൾ അടർന്നു തെറിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു. ജോലിയുടെ ഭാഗമായി രണ്ടാഴ്ച മുന്നേ എസ്‌കോബാർ ഇന്ത്യയിലെത്തിയിരുന്നു.