സൗദി സന്ദർശനത്തിന് മോദി
ന്യൂഡൽഹി: നയതന്ത്ര സഹകരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം സൗദി അറേബ്യ സന്ദർശിച്ചേക്കും. നാലു വർഷത്തിനു ശേഷമാണ് മോദിയുടെ സൗദി സന്ദർശനം. ഏപ്രിൽ മൂന്നാം വാരമാകും സന്ദർശനമെന്നാണ് സൂചന. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര-നിക്ഷേപ മേഖലയിലെ സഹകരണം ചർച്ചയാകും. ഗാസയിലെ സാഹചര്യം വിലയിരുത്തും. ഇന്ത്യ-പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി കൂടിക്കാഴ്ചയിലുയരും. പ്രതിരോധ,ഊർജ്ജ മേഖലയിലെ സഹകരണവും ചർച്ചയാകും.
ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പശ്ചിമേഷ്യൻ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അരി കയറ്റുമതി മാത്രം പ്രതിവർഷം ഒരു ബില്യൺ ഡോളറിൽപ്പരമാണ്. 2023 സെപ്‌തംബറിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിച്ചിരുന്നു. 2024 നവംബറിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും രാജ്യത്ത് എത്തിയിരുന്നു.