ദുരിതങ്ങൾക്ക് നടുവിൽ ഗാസ: ശുദ്ധജലം കിട്ടാനില്ല
ടെൽ അവീവ്: ഇസ്രയേൽ - ഹമാസ് ആക്രമണം തുടരുന്നതിനിടെ ഗാസയെ പിടിമുറുക്കി ശുദ്ധജല ക്ഷാമം. ഗാസ സിറ്റി അടക്കം മിക്ക നഗരങ്ങളിലും കിലോമീറ്ററുകളോളം നടന്നാണ് ആളുകൾ ശുദ്ധജലം ശേഖരിക്കുന്നത്. അതും പരിമിതമായ അളവിൽ മാത്രമാണ്. ഏതാനും ആഴ്ചകളായി തുടരുന്ന ഇസ്രയേൽ ആക്രമണങ്ങൾ ഗാസ സിറ്റിക്ക് കിഴക്കുള്ള ഷജൈയ്യിലെ പൈപ്പ്ലൈൻ പൂർണമായും തകർത്തിരുന്നു.
കിണറുകളും മറ്റും യുദ്ധത്തിൽ നശിച്ചു. വിദൂര പ്രദേശങ്ങളിലെ ഏതാനും കിണറുകളിൽ നിന്നുള്ള വെള്ളം ആളുകൾ ശേഖരിക്കുന്നുണ്ടെങ്കിലും ഇവ ശുദ്ധമാണെന്ന് പറയാനുമാകില്ല. കുട്ടികളും മുതിർന്നവരും പ്ലാസ്റ്റിക് കുപ്പികളും കണ്ടെയ്നറുകളുമായെത്തിയാണ് വെള്ളം ശേഖരിക്കുന്നത്.
വലിയ അളവിൽ വെള്ളം ശേഖരിക്കാനുമാകില്ല. പാചകത്തിനും കുടിക്കാനുമുള്ള വെള്ളം ഗാസയിലെ ജനങ്ങൾക്ക് യുദ്ധം തുടങ്ങിയ നാൾ മുതൽ കിട്ടാക്കനിയാണ്. എന്നാൽ ജനുവരിയിൽ ആറാഴ്ചത്തെ വെടിനിറുത്തൽ നിലവിൽ വന്നതോടെ സഹായ ട്രക്കുകളിൽ വെള്ളം അടക്കം അവശ്യ വസ്തുക്കൾ എത്തിയത് ജനങ്ങൾക്ക് ആശ്വാസം നൽകി. മാർച്ച് 18ന് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതു മുതൽ ഗാസയിൽ വീണ്ടും പട്ടിണിയും ദുരിതവുമായി.
ഗാസയുടെ അതിർത്തികൾ അടച്ച് സഹായ ട്രക്കുകൾ എത്തുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു. ബന്ദികളെ വിട്ടുകൊടുക്കാൻ ഹമാസ് തയ്യാറാകാത്ത പക്ഷം ഇതു പുനരാരംഭിക്കാൻ അനുവദിക്കില്ലെന്നാണ് ഇസ്രയേലിന്റെ പക്ഷം. ഭക്ഷ്യശേഖരവും ഗാസയിൽ പരിമിതമാണ്. ഇതുവരെ 50,800ലേറെ പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
ജൂണിൽ പാലസ്‌തീനെ അംഗീകരിക്കും: ഫ്രാൻസ്
പാരീസ്: ഗാസയിൽ ഹമാസുമായി ഇസ്രയേൽ യുദ്ധം തുടരുന്നതിനിടെ, പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ്. ജൂണിൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ചില മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് ഇസ്രയേലിനെ അംഗീകരിക്കാമെന്നും മാക്രോൺ ചൂണ്ടിക്കാട്ടി. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര തത്വം നടപ്പാക്കണമെന്നാണ് ഫ്രാൻസിന്റെയും നിലപാട്. പാലസ്തീനെ അംഗീകരിക്കാനുള്ള തീരുമാനം ആരെയും പ്രീതിപ്പെടുത്താൻ വേണ്ടിയല്ലെന്നും ശരിയെന്ന് തോന്നിയതിനാൽ ആണെന്നും മാക്രോൺ വ്യക്തമാക്കി. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയായിരുന്നു മാക്രോണിന്റെ വെളിപ്പെടുത്തൽ. നീക്കത്തെ ഹമാസും പാലസ്തീനിയൻ അതോറിറ്റിയും സ്വാഗതം ചെയ്തു. അതേ സമയം, ഫ്രാൻസിനെതിരെ ഇസ്രയേൽ രംഗത്തെത്തി. ഐക്യരാഷ്ട്ര സംഘടനയിലെ (യു.എൻ) 193 അംഗങ്ങളിൽ 147 രാജ്യങ്ങൾ നിലവിൽ പാലസ്തീനെ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, യു.എസ്, യു.കെ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല.