'ഫേസ് വാല്യുവിനെയും ഇമേജിനെയും ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്'? ബസൂക്കയിലെ ആറാട്ടണ്ണന്റെ വേഷത്തിൽ പ്രതികരിച്ച് നടൻ
ആരാധകർ ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ബസൂക്ക കഴിഞ്ഞദിവസമാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ ആറാട്ടണ്ണൻ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കിയും ഒരു വേഷം ചെയ്തിരുന്നു. ഇതിന് ഏറെ വിമർശനങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഏറ്റുവാങ്ങുന്നുണ്ട്. ഇപ്പോഴിതാ വിമർശനങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഹക്കീം ഷാ.
'അത് സംവിധായകന്റെ തീരുമാനമാണ്. എന്തുകൊണ്ടെന്നും അത് എങ്ങനെയാണ് വന്നതെന്നും പറയേണ്ടത് അദ്ദേഹമാണ്. പക്ഷേ ഞാൻ ഭയങ്കരമായി ആസ്വദിച്ച നിമിഷങ്ങളായിരുന്നു അവ. റിവ്യൂ പറയുന്ന ആളുകൾക്ക് സിനിമയിൽ വരാൻ പറ്റില്ല എന്നില്ലല്ലോ? അവരുടെ റിവ്യൂവിനെ അല്ലല്ലോ പ്രമോട്ട് ചെയ്യുന്നത്.
അയാളുടെ ഫേസ് വാല്യുവിനെയോ ഫെയ്‌മിനെയോ പബ്ളിക് ഇമേജിനെയോ ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്? ഇവിടെ ഇൻസ്റ്റാഗ്രാം റീൽസ് ചെയ്യുന്ന എത്രയോ ആളുകൾ സിനിമയിൽ അഭിനയിക്കുന്നു? അവർക്ക് സമൂഹത്തിലുള്ള ഇമേജിനെ അതുപോലെ തന്നെ സിനിമയിലും ഉപയോഗിക്കുന്നു. അപ്പോൾ അതിൽ തെറ്റൊന്നുമില്ല.
സിനിമയുടെ നിമിഷത്തിൽ അത് എത്രത്തോളം അബദ്ധമായിരുന്നു, ലക്ഷ്യത്തിൽ നിന്ന് എത്രത്തോളം വ്യതിചലിച്ചു പോയി എന്നുകാണിക്കാൻ പറ്റുന്ന അവസരമായാണ് അദ്ദേഹം അഭിനയിച്ച രംഗം കണ്ടപ്പോൾ തോന്നിയത്. ഇതായിരുന്നു മികച്ച തീരുമാനം എന്നാണ് എനിക്ക് തോന്നുന്നത്'- എന്നായിരുന്നു ഹക്കീം ഷായുടെ പ്രതികരണം. സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ നെഗറ്റീവ് റിവ്യൂ പറയുന്ന സന്തോഷ് വർക്കിയെപ്പോലുള്ള യുട്യൂബേഴ്‌സിനെ ഒരു തരത്തിലും പ്രമോട്ട് ചെയ്യരുതെന്ന് നിർമാതാക്കളുടെയും തിയേറ്ററുകാരുടെയും സംഘടന പറയുന്നുണ്ടെന്നും അങ്ങനെ ആരോപണം നേരിടുന്ന ആളുകളെ തന്നെ സിനിമയിൽ അഭിനയിപ്പിക്കുന്നത് ശരിയാണോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ.