ഇടിക്കൂട്ടിൽ കല്യാണി പ്രിയദർശൻ

Sunday 13 April 2025 6:00 AM IST

നസ്ളിനു പിന്നാലെ കല്യാണി പ്രിയദർശനും ഇടിക്കൂട്ടിൽ. കിക് ബോക്സിംഗ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ കല്യാണി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.'ഒരു പാർട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേർഷൻ" എന്ന കുറിപ്പോടെയാണ് പങ്കുവച്ചത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് കല്യാണി കിക് ബോക്സിംഗ് പരിശീലിക്കുന്നത്. നസ്ലിനും കല്യാണി പ്രിയദർശനുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ ആലപ്പുഴ ജിംഖാനയ്ക്കുവേണ്ടി നസ്ളിൻ ബോക്സിംഗ് പരിശീലിച്ചിരുന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺകുര്യൻ, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനും ചേർന്നാണ് രചന. ശാന്തി ബാലചന്ദ്രൻ ആദ്യമായാണ് തിരക്കഥ എഴുതുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് നിർമ്മാണം. ദുൽഖർ സൽമാനും ടൊവിനോ തോമസും അതിഥി വേഷത്തിൽ എത്തുന്നുമുണ്ട്

അതേസമയം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കല്യാണിക്ക് കഴിഞ്ഞു.

തെലുങ്ക് ചിത്രം ഹലോയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. വരനെ ആവശ്യമുണ്ട് ആണ് മലയാളത്തിൽ ആദ്യ സിനിമ.

മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോഡാഡി, തല്ലുമാല, ശേഷം മൈക്കിൽ ഫാത്തിമ, ആന്റണി, വർഷങ്ങൾക്കുശേഷം എന്നിവയാണ് മലയാളത്തിൽ മറ്റു ചിത്രങ്ങൾ.