നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യു ഡി എഫ് സ്ഥാനാർത്ഥിയായി പരിഗണനയിൽ ഉള്ളത് രണ്ടു പേരുകൾ, ചർച്ച നടത്തി കോൺഗ്രസ്

Saturday 12 April 2025 7:26 PM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ യു.ഡി.എഫ് സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. കോഴിക്കോട്ട് ഇന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്. സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് മുൻതൂക്കം. മലപ്പുറം ഡി,​സി.സി പ്രസിഡന്റ് വി.എസ്. ജോയിയുടെ പേരും പരിഗണനയിലുണ്ട്. കോഴിക്കോട് ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ നേതാക്കൾ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്. കെ.സി. വേണുഗോപാലിനെ കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,​ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ,​ രമേശ് ചെന്നിത്തല എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

നിലമ്പൂരിൽ നേരത്തെ മത്സരിച്ച പരിചയവും ആര്യാടൻ മുഹമ്മദിന്റെ മകനെന്ന ജനസമ്മിതിയും ആര്യാടൻ ഷൗക്കത്തിന് അനുകൂല ഘടകമാണെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു . ചെറുപ്പമായതിനാൽ വി.എസ്. ജോയിക്ക് ഇനിയും അവസരങ്ങൾ ഉണ്ടെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾ മുന്നോട്ടുവച്ചത്. അതേസമയം മുനമ്പം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്രൈസ്തവ സഭകളുമായുള്ള ഭിന്നത തുടരുന്ന പശ്ചാത്തലത്തിൽ ജോയിയെ മത്സരിപ്പിക്കണമെന്നും ചിലർ ആവശ്യപ്പെട്ടതായാണ് വിവരം. നിലമ്പൂരിൽ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും പി.വി. അൻവറിന്റെ ഉൾപ്പെടെയുള്ള പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.ഡി,​ സതീശൻ പറഞ്ഞു.