വ്യാജ ട്രേഡിംഗ് ആപ്പിന്റെ മറവിൽ പണം തട്ടിയ കേസ്; ഗുജറാത്ത്  സ്വദേശി അറസ്റ്റിൽ

Sunday 13 April 2025 2:27 AM IST

കിഴക്കമ്പലം: വ്യാജ ട്രേഡിംഗ് ആപ്പിന്റെ മറവിൽ പണംതട്ടിയ ഗുജറാത്ത് സൂറ​റ്റ് മംഗൽ മൂർത്തി അപ്പാർട്ട്‌മെന്റ്‌സിൽ റീട്ടെൻ കീർത്ത്ഭായി ഹക്കാനിയെ (34) തടിയിട്ടപറമ്പ് പൊലീസ് ഗുജറാത്തിൽനിന്ന് അറസ്​റ്റ് ചെയ്തു. കിഴക്കമ്പലം മുറിവിലങ്ങ് സ്വദേശിയുടെ 7.80 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

പൊലീസ് പറയുന്നത്: സമൂഹമാദ്ധ്യമം വഴിയുള്ള പരിചയത്തിൽ ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വൻലാഭം വാഗ്ദാനംചെയ്തായി​രുന്നു തട്ടി​പ്പ്. പ്രതി അയച്ചുകൊടുത്ത ആപ്പ് വഴിയായി​രുന്നു സാമ്പത്തിക ഇടപാടുകൾ. ഫെബ്രുവരി 17 മുതൽ മാർച്ച് 7 വരെയുള്ള തീയതികളിൽ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു. തുടർന്ന് ആപ്പിന്റെ വാല​റ്റിൽ കണ്ട ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പ്രതി കമ്മീഷൻ ആവശ്യപ്പെട്ടതോടെ തട്ടിപ്പാണെന്ന് മനസിലാക്കിയത്. തുടർന്ന് പരാതി നൽകി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ അന്വേഷണസംഘം സൂറ​റ്റിൽ ഒരാഴ്ച വേഷംമാറി താമസിച്ചു. സമ്പന്നർ താമസിക്കുന്ന അപ്പാർട്ട്‌മെന്റിലായിരുന്നു പ്രതിയുടെ താമസം. ഓടി രക്ഷപ്പെടാൻ ശ്രമി​ച്ചെങ്കി​ലും സാഹസികമായി​ പി​ന്തുടർന്നാണ് കീഴടക്കിയത്. തുക ഗുജറാത്ത് സൂറത്തിലുള്ള ബാങ്കി​ന്റെ പ്രതിയുടെ പേരുള്ള അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തി.

എ.എസ്.പി ശക്തിസിംഗ് ആര്യ, ഇൻസ്‌പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്.ഐ എ.എച്ച്. അജിമോൻ, സീനിയർ സി.പി.ഒ കെ.കെ. ഷിബു, സി.പി.ഒമാരായ മിഥുൻ മോഹൻ, കെ. വിനോദ് , സൈബർ സെൽ ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.