ഭീകരതയ്‌ക്കെതിരായ ഇന്ത്യ-യു.എസ് സഖ്യ ജയം, റാണയുടെ കൈമാറ്റം സാധിച്ചത് എങ്ങനെ?
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുബയുടെ ഓർമ്മകളിൽ 2008 നവംബർ 26-ലെ ഭീകരാക്രമണത്തിന്റെ നടുക്കം ഇപ്പോഴും അതേ തീവ്രതയോടെയുണ്ട്. മൂന്നു ദിവസം വിവിധ ഇടങ്ങളിൽ ഒരേസമയം കണ്ണിൽകണ്ടവരെയെല്ലാം 10 ഭീകരർ വെടിവച്ചിട്ടു. 166 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ജീവനോടെ കിട്ടിയ അജ്‌മൽ കസബ് എന്ന ഭീകരനെ വിചാരണയ്‌ക്കൊടുവിൽ തൂക്കിക്കൊന്നെങ്കിലും ഗൂഢാലോചനയുടെ ചുരുളഴിച്ച് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടാനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ നീക്കമായി , ഗൂഢാലോചനയിൽ പങ്കെടുത്ത പാക്-കനേഡിയൻ പൗരൻ തഹാവൂർ ഹുസൈൻ റാണയുടെ കൈമാറ്റത്തെ കാണാം.
2009-ൽ ഡാനിഷ് ദിനപത്രത്തിന്റെ ഓഫീസ് ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതിന് മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കൊപ്പം യു.എസിൽ 2008 ഒക്ടോബർ 18- ന് അറസ്റ്റിലായതാണ് റാണയുടെ കഴിഞ്ഞ ദിവസത്തെ കൈമാറ്റത്തിന് വഴി തുറന്നതെന്നു പറയാം. റാണയെ ഇവിടെയെത്തിക്കാൻ അന്നു മുതൽ ഇന്ത്യ നയതന്ത്ര- നിയമ നീക്കങ്ങളും തുടങ്ങി. 2011 ജൂൺ 9-ന് ഡാനിഷ് ആക്രമണത്തിന്റെ ഗൂഢാലോചനയിൽ യു.എസ് കോടതി 168 മാസത്തേക്ക് ശിക്ഷിച്ചെങ്കിലും ആറ് അമേരിക്കക്കാർ കൊല്ലപ്പെട്ട മുംബയ് ഭീകരാക്രമണ ഗൂഢാലോചന കുറ്റത്തിൽ നിന്ന് ഒഴിവാക്കിയത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. 2013 മുതൽ യു.എസിൽ തടവിലായിരുന്ന റാണയെ 2020 ജൂണിൽ കൊവിഡ് സമയത്ത് മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു.
ഇതോടെ, റാണയുടെ കൈമാറ്റത്തിനുള്ള നടപടികൾ ഇന്ത്യ ശക്തമാക്കി. മുംബയ് ഭീകരാക്രമണത്തിൽ പങ്കുണ്ടെന്നും കൈമാറണമെന്നും ഇന്ത്യ 2020 ജൂൺ- 10 ന് യു.എസിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. 1997 ജൂൺ 25-ന് ഒപ്പുവച്ച, ഉഭയകക്ഷി കുറ്റവാളി കൈമാറ്റ ഉടമ്പടിയായിരുന്നു അടിസ്ഥാനം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നല്ല ബന്ധം ഉപയോഗിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വഴി റാണയുടെ കൈമാറ്റത്തിനുള്ള നീക്കം തുടങ്ങി. ഇന്ത്യയെപ്പോലെ അതിർത്തി കടന്നുള്ള ഭീകരതയെ കർശനമായി എതിർക്കുന്ന ട്രംപിന്റെ നയങ്ങൾ അക്കാര്യത്തിൽ സഹായകരമായിരുന്നെങ്കിലും യു.എസ് നിയമങ്ങൾ തടസമായി നിന്നു.
അതിനിടെ മുംബയ് ഭീകരാക്രമണത്തിൽ പ്രതിയായ റാണയെ ഇന്ത്യയ്‌ക്ക് കൈമാറുന്നതിൽ തടസമില്ലെന്ന് കാലിഫോണിയ സെന്റർ ജില്ലയിലെ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത് നിർണായകമായി. എന്നാൽ മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ താൻ യു.എസിൽ വിചാരണയ്‌ക്ക് വിധേയനായെന്നും കുറ്റവിമുക്തനാക്കപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി റാണ അപ്പീൽ നൽകിയെങ്കിലും കോടതി തള്ളിയിരുന്നു. തുടർന്ന് റാണ ജില്ലാ കോടതിയിൽ നൽകിയ അപ്പീലും നിലനിന്നില്ല. ആറു യു.എസ് പൗരന്മാർ കൊല്ലപ്പെട്ട കേസിലാണ് യു.എസിലെ കേസെങ്കിലും, ഇന്ത്യയിലേത് വ്യത്യസ്‌തമാണെന്നും കോടതികൾ ചൂണ്ടിക്കാട്ടി. ഈ വിധികൾ ചോദ്യം ചെയ്‌ത് സാൻഫ്രാൻസിസ്കോയിലെ അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും കീഴ്‌കോടതികളുടെ കണ്ടെത്തൽ ശരിവയ്‌ക്കുകയാണ് ചെയ്‌തത്. ഏറ്റവുമൊടുവിൽ റാണ സുപ്രീംകോടതിയെ സമീപിച്ചു.
റണയെ ഇന്ത്യയിലെത്തിക്കാൻ 2010 മുതൽ ഇന്ത്യ നടത്തുന്ന നിയമപരമായ നീക്കങ്ങൾക്ക് നേതൃത്വം നൽകിയത് ഡൽഹിയിലെ പ്രമുഖ അഭിഭാഷകനായ ദയാൻ കൃഷ്‌ണനാണ്. ചിക്കാഗോയിൽ ഡേവിഡ് കോൾമാൻ ഹെഡ്‌ലി അറസ്റ്റിലായപ്പോൾ ചോദ്യം ചെയ്ത എൻ.ഐ.എ സംഘത്തിനൊപ്പം ദയാൻ കൃഷ്‌ണനുമുണ്ടായിരുന്നു. ഹെഡ്‌ലി, റാണ കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി കേന്ദ്ര സർക്കാർ അദ്ദേഹത്തെ നിയമിച്ചു. ഒരേ കുറ്റങ്ങളിൽ രണ്ടു തവണ ശിക്ഷിക്കപ്പെടുമെന്ന (ഡബിൾ ജിയോപാർഡി) റാണയുടെ വാദങ്ങളെ തള്ളാൻ യു.എസ് കോടതിയെ നിർബന്ധിതമാക്കിയത് ദയാൻ കൃഷ്‌ണയുടെ വാദങ്ങളാണ്. മുംബയ് ഭീകരാക്രമണത്തിന്റെ സ്വഭാവമാണ് കുറ്റകൃത്യത്തിന്റെ പ്രത്യേകത നിർണയിക്കുന്നതെന്ന വാദം നിർണായകമായി.
ദയാൻ കൃഷ്‌ണയും റാണയുടെ അഭിഭാഷകൻ പോൾ ഗാർലിക്കും തമ്മിൽ ചൂടേറിയ വാദങ്ങൾ നടന്നു. യു.എസ് പൗരന്മാമാരുടെ മരണവുമായി ബന്ധപ്പെട്ടാണ് റാണയുടെ വിചാരണ നടന്നതെന്നും മുംബയ് ഭീകരാക്രമണത്തിന്റെ അനന്തരഫലങ്ങൾ പലയിടത്താണെന്നും കൃഷ്ണൻ വാദിച്ചു. കൂടാതെ ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയെന്ന നിലയിൽ റാണയെ വിചാരണയ്‌ക്കായി വിട്ടുകിട്ടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മജിസ്‌ട്രേട്ട് കോടതി മുതൽ സുപ്രീംകോടതി വരെ ഇക്കാര്യങ്ങൾ ശക്തമായ വാദങ്ങൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം ജയിക്കുകയും ചെയ്‌തു.
മുംബയ് ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കുവേണ്ടിയാണ് ഇന്ത്യ ആദ്യം ശ്രമിച്ചതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ തങ്ങളുടെ പൗരനും ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ചാരനായി പാകിസ്ഥാനിൽ പ്രവർത്തിക്കുകയും ചെയ്ത ഹെഡ്‌ലിയെ കൈമാറാൻ താത്പര്യമില്ലെന്ന് യു.എസ് അറിയിച്ചു. മുംബയ് ഭീകരാക്രമണത്തിൽ റാണയുടെ പങ്ക് അടക്കം വെളിപ്പെടുത്തിയ ഹെഡ്‌ലി, തന്നെ ഇന്ത്യയ്‌ക്ക് കൈമാറരുതെന്ന് ഉപാധി വച്ചിരുന്നതായും അറിയുന്നു. ഈ സാഹചര്യത്തിൽ റാണയെ കൈമാറാതെ മറ്റു വഴിയില്ലായിരുന്നു. 2024ൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യ റാണയുടെ കൈമാറ്റത്തിനുള്ള നടപടികളും ശക്തമാക്കി. യു.എസ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള റാണയുടെ അപ്പീൽ മാത്രമായിരുന്നു തടസം.
കീഴ്‌കോടതിയും അപ്പീൽ കോടതിയും കൈവിട്ടതോടെ റാണയുടെ അവസാത്തെ നിയമപരമായ ആശ്രയമായിരുന്നു യു.എസ് സുപ്രീംകോടതി. ഡിസംബറിൽ നടന്ന വാദങ്ങളിൽ ഇന്ത്യയ്‌ക്കു വേണ്ടി ദയാൻ കൃഷ്‌ണയും, യു.എസ് ഭരണകൂടത്തിനായി യു.എസ് സോളിസിറ്റർ ജനറൽ എലിസബത്ത് ബി പ്രെലോഗറും, റാണയ്‌ക്കു വേണ്ടി ജോഷ്വ എൽ ഡ്രാറ്റലും ഹാജരായി. വാദങ്ങൾക്കൊടുവിൽ ചീഫ് ജസ്റ്റിസ് ജോൺ റോബോർട്ട്‌സ് ജനുവരിയിൽ വിധി പറയാൻ മാറ്റി. കീഴ്‌കോടതിയിലെ ഇന്ത്യയുടെ വാദങ്ങൾക്കൊപ്പം അതിർത്തി കടന്നുള്ള ഭീകരത നിയന്ത്രിക്കാനുള്ള യു.എസിന്റെ നിലപാടും ശരിവച്ച സുപ്രീകോടതി ജനുവരി 21ന് റാണയുടെ ഹർജി തള്ളി.
തന്നെ ഇന്ത്യയ്‌ക്കു കൈമാറുന്നത് കൊല്ലാൻ കൊടുക്കുന്നതിനു തുല്യമാണെന്നും പാകിസ്ഥാനിൽ ജനിച്ച മുസ്ളീം ആയ തനിക്ക് ഇന്ത്യയിൽ നീതി ലഭിക്കില്ലെന്നും കാണിച്ച് റാണ ഫെബ്രുവരിയിൽ പുന:പരിശോധനാ ഹർജി നൽകി. ഹൃദ‌്രോഗം, പാർക്കിൻസൺസ്, മൂത്രാശയ കാൻസർ, ക്രോണിക് ആസ്‌ത്മ, കൊവിഡ് ബാധ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും റാണ നിരത്തി; ഇന്ത്യയിൽ ശരിയായ ചികിത്സ ലഭിക്കില്ലെന്ന ആശങ്കയും. ഇതിനു പിന്നാലെയാണ് ഫെബ്രുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനം. അതിനു മുൻപേ അവിടെയെത്തിയ എസ്. ജയശങ്കറിന്റെ ദൗത്യങ്ങളിൽ പ്രധാനം റാണയുടെ കൈമാറ്റം ഉറപ്പാക്കലായിരുന്നു.
ഫെബ്രുവരി 11-ന് റാണയുടെ അഭിഭാഷകന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഒരു കത്ത് ലഭിച്ചു: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം, റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തീരുമാനിച്ചുവെന്ന്. കൈമാറ്റത്തിന്റെ കൂടുതൽ രേഖകൾ റാണയുടെ അഭിഭാഷകൻ തേടിയെങ്കിലും നൽകിയില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഇരകളെയും നീതിയെയും നേരിടാൻ റാണയെ ഇന്ത്യയിലേക്ക് കൈമാറുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ നാലിന് റാണയുടെ പുന:പരിശോധനാ ഹർജി തള്ളിയതോടെ കൈമാറ്റം സുഗമമായി.
മുംബയ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആറ് അമേരിക്കക്കാർ അടക്കം 166 പേർക്ക് നീതിലഭിക്കാൻ ഇന്ത്യയ്‌ക്കൊപ്പം തങ്ങളുമുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞത് ശ്രദ്ധേയം. 26/11 ആക്രമണത്തിലെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ വലിയ ചുവടുവയ്പാണെന്ന് റൂബിയോയുടെ പ്രസ്‌താവനയ്‌ക്ക് നന്ദി പറഞ്ഞ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രതികരണവും പിന്നാലെ വന്നു.