സർഗജാലകം സാഹിത്യ പുരസ്കാരം സമ്മാനിച്ചു

Saturday 12 April 2025 9:06 PM IST

പയ്യന്നൂർ : പ്രകൃതിക്ക് വേണ്ടാത്തതായി മനുഷ്യൻ മാത്രമേ ഉള്ളുവെന്നും മനുഷ്യനൊഴിച്ച് മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതിയോടിണങ്ങിയാണ് കഴിയുന്നതെന്നും കഥാകൃത്തും നോവലിസ്റ്റുമായ അംബികാസുതൻ മാങ്ങാട് പറഞ്ഞു. സർഗജാലകം കലാ സാഹിത്യ സാംസ്കാരിക വേദിയുടെ അഞ്ചാം വാർഷികാഘോഷം ശ്രീനാരായണ വിദ്യാലയം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർഗജാലകം പ്രസിഡന്റ് കെ.സി.ടി.പി.അജിത അദ്ധ്യക്ഷത വഹിച്ചു. മികച്ച കവിത സമാഹാരത്തിനുള്ള പ്രഥമ സർഗജാലകം സാഹിത്യ പുരസ്കാരം കവി ദിവാകരൻ വിഷ്ണുമംഗലത്തിന് സമ്മാനിച്ചു. പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. സ്പെഷ്യൽ ജൂറി പുരസ്കാരം കെ.ആര്യനന്ദയ്ക്കും സമഗ്ര സംഭാവന പുരസ്കാരം മാധവൻ പുറച്ചേരിക്കും എ.വി.പവിത്രനും സമ്മാനിച്ചു. കവി ബാലഗോപാലൻ കാഞ്ഞങ്ങാട് , മാധവൻ പുറച്ചേരി, എ.വി.പവിത്രൻ, കെ.ആര്യനന്ദ, ഗംഗൻ കുഞ്ഞിമംഗലം, ഗോപിനാഥൻ കോറോം സംസാരിച്ചു.