നാളെ പൊൻകണി ; തിരക്കോടു തിരക്ക്

Saturday 12 April 2025 9:19 PM IST

കണ്ണൂർ: നാളെ വിഷുപ്പുലരി. കണി കണ്ടുണരുന്നതിനുള്ള ഒരുക്കത്തിനായി നാടും നഗരവും നെട്ടോട്ടത്തിലാണ്. കണിയൊരുക്കാനുള്ള വിഭവങ്ങൾ തൊട്ട് പടക്കങ്ങളും പുതുവസ്ത്രങ്ങളും സദ്യവട്ടത്തിനുള്ള സാധനങ്ങളും വാങ്ങുന്നതിനുമുള്ള ഒരുക്കമാണ് എങ്ങും.

കൃഷ്ണ വിഗ്രഹങ്ങൾ വില്കുന്ന കടകളിലും വസ്ത്രവിപണിയിലും ഗ്യഹോപകരണ , പഴം പച്ചക്കറി കടകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പടക്കകടകളിലും ആളൊഞ്ഞ നേരമില്ല. പച്ചക്കറി വില്പനകേന്ദ്രങ്ങളിൽ കണിവെള്ളരി വിൽക്കാൻ പ്രത്യേക ഭാഗം തന്നെയുണ്ട്. തമിഴ്നാട്ടിൽനിന്നു തന്നെയാണ് ഇത്തവണയും കണിവെള്ളരി ഉൾപ്പെടെ ഭൂരിഭാഗം പച്ചക്കറികളും വിപണിയിലെത്തുന്നത്. വിഷുകണിയിലെ പ്രധാന ഇനങ്ങളിലൊന്നായ കൊന്നപ്പൂക്കൾ പ്രധാന ടൗണുകളിലെല്ലാം ഇന്ന് ഇടംപിടിക്കും. പല വീടുകളുടെയും തൊടിയിലും പാതയോരങ്ങളിലും മഞ്ഞ പുതച്ചുനിൽക്കുന്ന കണിക്കൊന്ന പൂക്കൾ അടർത്തിയെടുത്ത് ഓട്ടോയിലും മറ്റുമായി വിൽപ്പനയ്‌ക്കെത്തിക്കുന്നതാണ് പതിവ്. ആവശ്യക്കാരേറുന്നതിനാൽ വലിയ വിലയാണ് പൂക്കൾക്ക് ഈടാക്കുന്നത്. കഴിഞ്ഞ വർഷം ഒരു ചെറുപിടി കൊന്നപ്പൂവിന് 40 മുതൽ 50 രൂപ വരെയാണ് വഴയോരക്കച്ചവടക്കാർ വാങ്ങിയത്.

പടക്കവിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പൊട്ടുന്നവയോട് പൊതുവെ ഇപ്പോൾ പ്രിയം കുറവാണ്.വൈവിദ്ധ്യപൂർണമായ ചൈനീസ് ഇനങ്ങൾക്കാണ് പടക്കവിപണിയിൽ പ്രിയം. പൂത്തിരിയും കമ്പിത്തിരിയും ചക്രങ്ങളും പല തരത്തിലുള്ള വൈവിദ്ധ്യങ്ങളുമായാണ് കുട്ടികളെയടക്കം ആകർഷിക്കുന്നത്. അപകടരഹിതമാണെന്നതും ഇവയുടെ പ്രിയം വർദ്ധിപ്പിക്കുന്നു.

കൊന്നയ്ക്കുമുണ്ട് ചൈനീസ് അപരൻ

ചൈനീസ് കൊന്നപ്പൂ ക്കളും ഇപ്പോൾ വ്യാപകമായി പ്രചാരത്തിലുണ്ട്. നാടൻ കണിക്കൊന്നയോടെ സാമ്യമുള്ള ചൈനീസ് കൊന്നപ്പൂക്കൾ ഫാൻസി, സ്റ്റേഷനറി കടകളെ അലങ്കരിച്ചുകഴിഞ്ഞു. ഒരു കുല പൂവിന് 30 രൂപ മുതലാണ് വില. സൂക്ഷിച്ചുവച്ചാൽ അടുത്ത വർഷവും ഉ പയോഗിക്കാമെന്നതാണ് പ്രത്യേകത.

കണിവെള്ളരി കുതിപ്പിൽ

കണിവെള്ളരിക്ക് 40 മുതൽ 45 രൂപ വരെയാണ് വില അരക്കിലോ മുതൽ രണ്ടു കിലോ വരെ വലിപ്പമുള്ള കണി വെള്ളരികളുണ്ട്. മൂന്ന് മാസമാണ് കണിവെള്ളരി പാകമാകാൻ എടുക്കുന്ന സമയം. വേനൽമഴ മറ്റ് വിളകൾക്ക് ഗുണം ചെയ്യുമെങ്കിലും വെള്ളരിക്ക് തിരിച്ചടിയാണ്.

നാടൻ പച്ചക്കറി വിപണിയിലേയില്ല

വിഷു മുന്നിൽകണ്ട് ചെയ്തത നേന്ത്രവാഴ കൃഷിയും പച്ചക്കറികളും വരൾച്ചയിലും ചുഴലികാറ്റിലും നശിച്ചതിനെ തുടർന്ന് നേന്ത്രക്കായ വില കുതി കുതിപ്പിലാണ്. നാടൻ പച്ചക്കറികൾ മാർക്കറ്റുകളിൽ തീരെ കിട്ടാത്ത സ്ഥിതിയും. എൺപത് രൂപയോളമാണ് നേന്ത്രപ്പഴത്തിന് ഈടാക്കുന്നത്.