ഹൈക്കോടതിയോട് സുപ്രീംകോടതി: സി.ബി.ഐ അന്വേഷണം അസാധാരണ സന്ദർഭത്തിൽ
# മാർഗനിർദേശം നൽകി
ന്യൂഡൽഹി: ലോക്കൽ പൊലീസിന്റെ കഴിവില്ലായ്‌മ അടക്കം പൊള്ളയായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി കേസുകൾ സി.ബി.ഐ അന്വേഷണത്തിന് വിടരുതെന്ന് ഹൈക്കോടതികൾക്ക് സുപ്രീംകോടതി നിർദ്ദേശം. അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ സി.ബി.ഐയെ പരിഗണിക്കാവൂ എന്നും ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ലോക്കൽ പൊലീസ് അന്വേഷണം പര്യാപ്‌തമല്ലെന്ന ഹർജിയിൽ കേസ് സി.ബി.ഐയ്‌ക്ക് വിട്ട പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീകോടതിയുടെ ഇടപെടൽ.കണ്ണടച്ച് സി.ബി.ഐയ്‌ക്ക് കേസ് കൈമാറുന്ന പ്രവണത ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അസാധാരണ സാഹചര്യങ്ങളിൽ ജാഗ്രതയോടെയും മിതമായും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനുള്ള അസാധാരണ അധികാരം കോടതി ഉപയോഗിക്കണം
ഐ.ബി ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി 1.49 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതിയും ഹരിയാനാ പൊലീസും ഒത്തുകളിക്കുന്നതായി ആരോപിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിക്ക് പൊലീസുമായി പരിചയമുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ കേസ് സി.ബി.ഐയ്‌ക്ക് വിട്ടതിനെ സുപ്രീംകോടതി വിമർശിച്ചു. അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലോക്കൽ പൊലീസ് കഴിവില്ലാത്തവരാണെന്നോ,പക്ഷപാതം കാട്ടുന്നെന്നോ പരാതിക്കാരൻ തെളിയിച്ചിട്ടില്ല. അതിനാൽ സി.ബി.ഐ അന്വേഷണം നിർദ്ദേശിക്കേണ്ടിയിരുന്ന കേസ് അല്ലെന്ന് വിധിയിൽ പറയുന്നു.
സി.ബി.ഐയ്ക്ക് വിടാൻ...
സി.ബി.ഐയ്‌ക്ക് കേസ് കൈമാറേണ്ട സാഹചര്യങ്ങൾ കോടതി വിശദീകരിച്ചു.അന്വേഷണങ്ങളിൽ വിശ്വാസ്യതയും ആത്മവിശ്വാസവും ഉറപ്പാക്കേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങൾ, കേസിന് ദേശീയ, അന്തർദേശീയ മാനങ്ങൾ ഉണ്ടെങ്കിൽ, പൂർണ്ണ നീതിയും മൗലികാവകാശങ്ങളും നടപ്പാക്കേണ്ട ഘട്ടങ്ങളിൽ. ഇത്തരത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം കേസ് കൈമാറാം.കൃത്യമായ ഒരു നിഗമനമില്ലാതെ സി.ബി.ഐപോലുള്ള ഏജൻസിയെ കേസിലേക്ക് കൊണ്ടുവരരുത്.