ജില്ലാ പഞ്ചായത്ത് ചേർത്തുപിടിച്ചു, കിടങ്ങൂർ ഖാദി സെന്റർ ഉണർന്നു

Sunday 13 April 2025 12:26 AM IST

കിടങ്ങൂർ: ജില്ലാ പഞ്ചായത്ത് ചേർത്തുപിടിച്ചപ്പോൾ പരാധീനതകളുടെ നടുവിലായിരുന്ന കിടങ്ങൂർ ഖാദി സെന്ററിന് ഉണർവ്വായി.

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് കിടങ്ങൂർ ഖാദി സെന്റർ മികവിന്റെ കേന്ദ്രമായി മാറിയത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിർമ്മിച്ച മന്ദിരത്തിന്റെ പൂർത്തീകരണവും നിലവിലുള്ള മന്ദിരത്തിന്റെ നവീകരണവും പുതിയ വിശ്രമമുറിയുടെ നിർമ്മാണവും ഗ്രൗണ്ട് നവീകരണവും പൂർത്തിയാക്കി..

ഉദ്ഘാടനം 15ന്

ഖാദി സെന്ററിൽ നടത്തിയ വിവിധ നിർമ്മാണപ്രവർത്തനങ്ങളുടെയും പുതുതായി സ്ഥാപിച്ച നൂൽനൂൽപ്പിനുള്ള ചർക്കകളുടെയും ഉദ്ഘാടനം 15ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം.ബിനു മുഖ്യപ്രഭാഷണം നടത്തും.