കുഞ്ചത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം: പിന്നിൽ ക്വട്ടേഷൻ സംഘം ?
കാസർകോട്:കർണ്ണാടക മുൽക്കി സ്വദേശിയും മംഗളുരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫിന്റെ(59) മൃതദേഹം മഞ്ചേശ്വരം കുഞ്ചത്തൂരിലെ ചൂതാട്ട കേന്ദ്രത്തിന് സമീപത്തെ കിണറ്റിൽ തള്ളിയതിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് വിവരം. മംഗളൂരുവിൽ നിന്ന് ബുധനാഴ്ച രാത്രി വൈകി ഓട്ടോയിൽ കയറി കുഞ്ചത്തൂർ ഭാഗത്തേക്ക് യാത്ര ചെയ്ത മൂന്നംഗസംഘമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സൂചന. ഇത് ക്വട്ടേഷൻ സംഘമാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
പിറകിൽ നിന്നും തലക്കേറ്റ വെട്ടാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞത്. ഓട്ടോയിൽ കയറിയ സംഘം കൊലപ്പെടുത്തിയ ശേഷം എന്നാണ് കരുതുന്നത് കിണറിലേക്ക് തള്ളിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
കൊലയുമായി ബന്ധപ്പെട്ട് പത്തിലധികം പേരെ അന്വേഷണം നടത്തുന്ന മഞ്ചേശ്വരം ഇൻസ്‌പെക്ടർ ഇ.അനൂപ് കുമാറും സംഘവും ചോദ്യം ചെയ്തു. ഷരീഫിന്റെ ഓട്ടോ കടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം വെള്ളിയാഴ്ച തന്നെ പൊലീസിന് ലഭിച്ചിരുന്നു. മംഗളൂരുവിൽ നിന്ന് ഓട്ടോയിൽ കയറിയ മൂന്നംഗസംഘത്തെ തന്നെയാണ് തുടക്കം തൊട്ട് പൊലീസ് സംശയിച്ചിരുന്നതും.
ചൂതാട്ടകേന്ദ്രത്തിലേക്ക് എത്തുന്നവരിൽ പ്രമുഖരും
തലപ്പാടിയിലെ ഒരു സി.സി ടി.വി ക്യാമറയിൽ ബുധനാഴ്ച രാത്രി 12 മണിയോടെ ഷെരീഫിന്റെ ഓട്ടോ മഞ്ചേശ്വരത്ത് ഭാഗത്തേക്ക് വരുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. പള്ളത്തെ ചൂതാട്ട കേന്ദ്രത്തിലേക്ക് കർണ്ണാടകയുടെ പല സ്ഥലത്ത് നിന്നായി പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും എത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഷെരീഫിന്റെ ഓട്ടോയിലും ഇവിടേക്ക് ആളുകൾ എത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഈ ചൂതാട്ടകേന്ദ്രത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പ്രധാനമായും നീങ്ങുന്നത്. മഞ്ചേശ്വരം പൊലീസ് മുൽക്കിയിലെ ഷെരീഫിന്റെ വീട്ടിലും മംഗളൂരുവിലെ ഓട്ടോ സ്റ്റാൻഡിലും അന്വേഷണം നടത്തി.
കാണാതായത് ബുധനാഴ്ച തൊട്ട്
ഷെരീഫിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ വ്യാഴാഴ്ച്ച ഉച്ചയോടെ മുൽക്കി പൊലീസിൽ പരാതി നൽകിയിരുന്നു. സാധാരണ പോലെ ബുധനാഴ്ച രാവിലെ വീട്ടിൽ നിന്ന് ഓട്ടോയുമായി പുറപ്പെട്ട ഷെരീഫിന്റെ മൊബൈൽ ഫോൺ പ്രവർത്തന രഹിതമാണെന്നും മുൽക്കി പൊലീസിൽ വീട്ടുകാർ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പൊലീസ് അന്വേഷണത്തിടെയാണ് വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ഷെരീഫിന്റെ മൃതദേഹം കിണറിൽ കണ്ടെത്തിയത്. എന്നാൽ ഷെരീഫിന്റെ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഷെരീഫിന്റെ കീശയിൽ നിന്ന് ലഭിച്ച പേഴ്സിൽ കുറച്ചു പണം മാത്രമാണുണ്ടായിരുന്നത്. ഷെരീഫിന്റെ ഫോൺ സംബന്ധമായ വിവരത്തിനായി പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.