പുഞ്ചകൃഷിയുടെ വിളവെടുപ്പിന് വേനൽമഴ വീണ്ടും ഭീഷണി

Saturday 12 April 2025 11:52 PM IST

ആലപ്പുഴ : വേനൽമഴയെത്തുടർന്ന് കുട്ടനാട്, അപ്പർ കുട്ടനാട്, കരിനില പാടശേഖരങ്ങളിൽ പുഞ്ചകൃഷിയുടെ വിളവെടുപ്പ് വീണ്ടും പ്രതിസന്ധിയിലായി​. പെയ്ത്ത് വെള്ളം പാടശേഖരങ്ങളിൽ നിന്ന് ഒഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് കർഷകർക്ക് തിരിച്ചടിയായത്.

വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യന്ത്രം ഉപയോഗിച്ച് കൊയ്യാൻ കഴിയാത്ത സാഹചര്യവും ചിലയിടങ്ങളിലുണ്ട്. വിളവെടുക്കാനുള്ള എടത്വ, ചമ്പക്കുളം, രാമങ്കരി, അമ്പലപ്പുഴ, തകഴി കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിലെ കൊയ്ത്തി​ന് പ്രായമായ നെൽച്ചെടികൾ കഴിഞ്ഞ ദിവസം ഉണ്ടായ അപ്രതീക്ഷിത മഴയിൽ നിലംപൊത്തിയത് കർഷകർക്ക് തിരിച്ചടിയായി. കാലാവസ്ഥാവ്യതിയാനം മൂലം പലഘട്ടങ്ങളിലായാണ് ഇത്തവണ പുഞ്ചകൃഷിയിറക്കിയത്. ഇതിനനുസരിച്ച് ഘട്ടംഘട്ടമായി വിളവെടുത്താൽ മതിയെന്ന കണക്കുകൂട്ടലിലായിരുന്നു അധികൃതർ. എന്നാൽ,കൂടുതൽ പാടശേഖരങ്ങളിൽ ഒരേസമയം കൊയ്ത്ത് ആരംഭിച്ചതോടെ യന്ത്രക്ഷാമം രൂക്ഷമായി. വേനൽമഴയിലെ വെള്ളക്കെട്ടിൽ കൊയ്ത്ത് സമയം ഇരട്ടിയിലധികമാകുന്നതും വിനയായി.

പാടങ്ങളിൽ വെള്ളക്കെട്ട്, യന്ത്രം ഇറക്കാൻ ബുദ്ധിമുട്ട്

 വേനൽക്കാലത്ത് യന്ത്രമുപയോഗി​ച്ച് ഒന്നര മണിക്കൂർ കൊണ്ട് ഒരേക്കർ കൊയ്തിരുന്നിടത്ത് ഇപ്പോൾ മൂന്ന് മണിക്കൂറോളം വേണം

 മഴവെള്ളം ഒഴുകി​പ്പോകാൻ മാർഗമി​ല്ലാതെ പാടങ്ങളി​ൽ കെട്ടി​കി​ടക്കുന്നതാണ് യന്ത്രമുപയോഗി​ച്ചുള്ള കൊയ്ത്തി​ന് തടസമാകുന്നത്

 മണിക്കൂറിന് 2000 രൂപയാണ് യന്ത്ര വാടക. 3000 രൂപക്ക് വിളവെടുപ്പ് പൂർത്തിയാക്കേണ്ട സ്ഥാനത്ത് 6000രൂപ വരെ കർഷകർക്ക് ചെലവാകും

 ഇപ്പോൾ ആറ്റിലെയും ഉൾത്തോടുകളിലെയും വെള്ളത്തി​ൽ ഉപ്പിന്റെ അളവ് വർദ്ധിച്ചതും കർഷകരെ ആശങ്കയിലാക്കുന്നു

വേനൽമഴയിൽ നനഞ്ഞ നെല്ല് സംഭരിക്കുന്നതിൽ കിഴിവിന്റെ പേരിൽ മില്ലുകാർ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണ്

- കർഷകർ

പുഞ്ചക്കൃഷി ഹെക്ടറിൽ

കൃഷിയിറക്കിയത് : 28,000

വിളവെടുത്തത് : 20924.85

വിളവെടുപ്പും പൂർത്തിയാക്കാനുള്ളത് : 25.48ശതമാനം

നെല്ല്

കൊയ്തത്: 110375.85 മെട്രിക് ടൺ

സംഭരിച്ചത്: 80788.72മെട്രിക് ടൺ