ഇന്ന് ഓശാന ഞായർ............. പീഡാനുഭവവാരത്തിന് ഇന്ന് തുടക്കം

Sunday 13 April 2025 12:52 AM IST

ആലപ്പുഴ: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആഘോഷിക്കും. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും.

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിനൊപ്പം അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിർപ്പുതിരുന്നാളിന്റെയും ഓർമ്മ പുതുക്കുന്ന വേളയാണിത്. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേ​റ്റതിനെ അനുസ്മരിച്ച്,​ ദേവാലയങ്ങളിൽ ഇന്ന് കുരുത്തോല ഘോഷയാത്രയും

ദിവ്യബലിയും നടക്കും.

തിങ്കൾ മുതൽ ബുധൻ വരെ ധ്യാനത്തോടനുബന്ധിച്ച് ദേവാലയങ്ങളിൽ പുരോഹിതർ ബൈബിൾ സന്ദേശം നൽകി ദിവ്യബലി അർപ്പിക്കും. പെസഹ, ദുഖവെള്ളി ആചാരണചടങ്ങുകൾക്ക് ശേഷം ശനിയാഴ്ച രാത്രി ആരംഭിക്കുന്ന ഉയിർപ്പ് തിരുകർമ്മങ്ങൾ ഞായറാഴ്ച പുലർച്ചെ അവസാനിക്കുന്നതോടെ ദേവാലയങ്ങളിലും വീടുകളിലും ഈസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കമാകും.

ആലപ്പുഴ നഗരത്തിലെ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിലും പഴവങ്ങാടി മാർസ്ളീവ ഫെറോന ദേവാലയത്തിൽ ഫാ.സിറിയക് കോട്ടയിലും ആലപ്പുഴ മലങ്കര സെന്റ് മേരീസ് കത്തീഡ്രലിൽ ഫാ.രഞ്ജിത്ത് മഠത്തിറമ്പിലും ചടങ്ങുകൾക്ക് നേതൃത്വം നൽകും. ചക്കരക്കടവ് സെന്റ് ജോർജ് ദേവാലയം, പൂന്തോപ്പ്പള്ളി, തത്തംപള്ളി പള്ളി എന്നിവിടങ്ങളിലും വിശുദ്ധ വാരാചരണചടങ്ങുകൾ നടക്കും. 20ന് ഈസ്റ്റർ ആഘോഷത്തോടെ ചടങ്ങുകൾ അവസാനിക്കും.

കുരിശിന്റെ വഴി ഇന്ന്

നഗരത്തിലെ ലത്തീൻ, സീറോ മലബാർ, മലങ്കര കത്തോലിക്ക സഭകളിലെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംയുക്ത കുരിശിന്റെ വഴി ഓശാന ഞായറാഴ്ചയായ ഇന്ന് നടക്കും. വൈകിട്ട് നാലിന് ആലപ്പുഴ രൂപതയുടെ മൗണ്ട് കാർമൽ കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് കുരിശിന്റെ വഴി ആരംഭിക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ആമുഖ സന്ദേശം നൽകും. നഗരം ചുറ്റി പഴവങ്ങാടി മാർ സ്ലീവ ഫൊറോന തീർത്ഥാടന പള്ളിയിലെത്തുമ്പോൾ ആലപ്പുഴ ബിഷപ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ സമാപനസന്ദേശം നൽകും. കത്തീഡൽ പള്ളി അങ്കണത്തിൽ നിന്ന് തുടങ്ങി കോൺവെന്റ് സ്ക്വയർ, വഴിച്ചേരി, പിച്ചു അയ്യർ ജംഗ്ഷൻ, മുല്ലയ്ക്കൽ എ.വി.ജെ ജംഗ്ഷൻ വഴി പഴവങ്ങാടി പള്ളിയിലെത്തും.