വിഷുവിനൊരുങ്ങി നാടും നഗരവും
ആലപ്പുഴ : നാളെ വിഷു ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. കണിയൊരുക്കാനും വിഷുസദ്യയ്ക്കും വിഭവങ്ങൾ വാങ്ങാനായി കടകളിൽ തിരക്കേറി. പടക്ക കടകളും സജീവമായി.
വിഷുവിനോടനുബന്ധിച്ച് നാളെ ക്ഷേത്രങ്ങളിലും വിശേഷാൽ ചടങ്ങുകളും പൂജകളും നടക്കും. കെട്ടുത്സവങ്ങൾ നടക്കുന്ന വെൺമണി ശാർങ്ങക്കാവ് ക്ഷേത്രം, വളളികുന്നം പടയണിവെട്ടം എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി.
രണ്ടാംശനി, ഞായർ, വിഷു എന്നിങ്ങനെ മൂന്നു ദിവസം അടുപ്പിച്ച് അവധിദിനങ്ങളായതോടെ എല്ലാവർക്കും ഒത്തുകൂടാൻ അവസരമൊരുങ്ങി.
വിലക്കയറ്റം ചെറിയതോതിൽ വിഷുക്കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. ചൂടുകൂടിയതോടെ പഴം, പച്ചക്കറി ഇനങ്ങൾക്കെല്ലാം വില കൂടി. കണിക്കും സദ്യയ്ക്കും ആവശ്യമായ സാധനങ്ങൾക്ക് വിലയേറി.
പടക്കവിപണിയിൽ ചൈനീസ് പടക്കങ്ങൾക്കു പുറമേ, ശിവകാശി പടക്കങ്ങളുംഎത്തിയിട്ടുണ്ട്. 10 രൂപ മുതൽ 6,000 രൂപ വരെ വിലയുള്ള പടക്കങ്ങൾ വിപണയിലുണ്ട്. കൃഷ്ണവിഗ്രഹങ്ങൾ, ആറന്മുളക്കണ്ണാടി, ഉരുളി, വിളക്ക് എന്നിവയുമായി വിഷു- ഈസ്റ്റർ മേളകളും നാടെങ്ങുമുണ്ട്.