ചൂടിൽ തളരാതെ 'പൂത്തിരി കത്തിച്ച്' വിഷുവിപണി

Sunday 13 April 2025 12:15 AM IST
1

തൃശൂർ: രാത്രി മഴ പെയ്‌തെങ്കിലും പകൽ സമയത്തെ കൊടുംച്ചൂടിൽ തളരാതെ ജനങ്ങൾ എത്തിയതോടെ പടക്കവിപണികളിൽ വൻതിരക്ക്. ശക്തൻനഗറിനു സമീപം തൃശൂർ ജില്ലാ പൊലീസ് സഹകരണസംഘം തുടങ്ങിയ പടക്കവിപണിയിൽ രാവിലെയും വൈകിട്ടും വൻതിരക്കായിരുന്നു. മിതമായ നിരക്കായതിനാൽ നഗരത്തിന് പുറത്തുനിന്ന് പോലും ജനങ്ങളെത്തി. സഹകരണസംഘങ്ങൾ വഴിയാണ് ഇത്തവണയും വിഷു പടക്കവിപണി സജീവമായത്.

മാർക്കോ, കാന്താര എന്നീ സിനിമകളുടെ പേരിൽ ഇറങ്ങിയ പടക്കങ്ങളായിരുന്നു വിപണിയിലെ താരങ്ങളായത്.

സുരക്ഷയ്ക്ക് തീ കൊടുത്ത്

പടക്ക കച്ചവടം പൊടിപൊടിക്കുമ്പോഴും സുരക്ഷയില്ലാതെയും നികുതി വെട്ടിച്ചും പടക്കമെത്തുന്നുവെന്ന പരാതിയുമുണ്ട്. ലൈസൻസോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ശിവകാശിയിൽ നിന്ന് നേരിട്ട് പടക്കങ്ങൾ എത്തുന്നതെന്നാണ് ആക്ഷേപം. ഇത്തരം കച്ചവടങ്ങൾ നിയന്ത്രിക്കാൻ കർശന നടപടി വേണമെന്നാണ് ആവശ്യം. നികുതി വെട്ടിച്ചെത്തുന്ന പടക്കങ്ങൾ വലിയ വിലക്കുറവിലാണ് റീട്ടെയിൽ വ്യാപാരികൾക്ക് കൈമാറുന്നത്. മത്സരം വർദ്ധിച്ചതോടെ വില്പനയ്ക്ക് ശിവകാശിയിലെ പടക്ക നിർമാതാക്കൾ എല്ലാ സാദ്ധ്യതകളും തേടുന്നുവെന്നും ആരോപണമുണ്ട്. ദീപാവലിക്കാലത്തെ ഉൾപ്പെടെ പഴയ സ്റ്റോക്കാണ് വിലക്കുറവിൽ എത്തിക്കുന്നതെന്നും പറയുന്നു.

കുരുക്ക്, പണി...

നഗരത്തിൽ മാത്രമല്ല, തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതകളിൽ അടക്കം റോഡ് റീടാറിംഗും വീതികൂട്ടലും നടക്കുന്നതിനാൽ വൻ ഗതാഗതക്കുരുക്കാണ്. രണ്ടാം ശനിയായതിനാൽ ഇന്നലെ അവധി ആഘോഷിക്കുന്നവരും റോഡിലിറങ്ങി. അതോടെ ഗതാഗതക്കുരുക്കിൽ ജനങ്ങൾ വീർപ്പുമുട്ടി. വൈകിട്ട് നാലു മുതൽ രാത്രി 10 വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. തുണിത്തരങ്ങളും നിത്യോപയോഗ സാധനങ്ങളും വാങ്ങാനുള്ള തിരക്കും കൂടി. ഖാദി, ഹാൻടെക്‌സ്, ഹാൻവീവ് തുണിത്തരങ്ങൾക്ക് സർക്കാർ കിഴിവും നൽകിയിരുന്നു. സ്വകാര്യ തുണിക്കടകളിലും ഗൃഹോപകരണ കടകളിലും വിഷു പ്രമാണിച്ച് പ്രത്യേക ഓഫറുകളുമുണ്ട്. വഴിയോര കച്ചവടവും സജീവമായിട്ടുണ്ട്. ഞായറാഴ്ചയും നഗരം വിഷു ത്തിരക്കിലാവും. പൂരം പ്രദർശന നഗരിയിലും തിരക്ക് കൂടി.

കണിയൊരുക്കം കീശ കീറും

കണിയൊരുക്കാനുളള എല്ലാ സാധനങ്ങൾക്കും വില കൂടിയിട്ടുണ്ട്. കണിവെള്ളരി, ഇടിച്ചക്ക, നാക്കില, മാമ്പഴം, മറ്റു പഴങ്ങൾ എന്നിവക്കെല്ലാം വില കൂടി. എത്രവില കൊടുത്താലും വാങ്ങാൻ ആവശ്യക്കാരുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. പ്‌ളാസ്റ്റിക് കൊന്നപ്പൂക്കളും മുൻ വർഷത്തേക്കാൾ കൂടുതലായി എത്തിയിട്ടുണ്ട്.

  • കണിവെളളരി: 4045 (കി.ഗ്രാമിന്)
  • മുരിങ്ങ: 180
  • കറിമാമ്പഴം: 125
  • നേന്ത്രപ്പഴം: 80
  • ഇടിച്ചക്ക: 80
  • നേന്ത്രക്കായ: 60
  • പൂവമ്പഴം: 60
  • നാക്കില: 10 (ഒരെണ്ണം)