ലഹരിക്കെതിരെ വേറിട്ട പോരാട്ടം: ചക്ക വറുക്കാൻ ഒത്തുകൂടി കുട്ടിക്കൂട്ടം
തൃശൂർ: ലഹരിക്കെതിരെ വിവിധയിടങ്ങളിൽ ബോധവത്കരണവും ക്ലാസുമൊക്കെ സംഘടിപ്പിക്കുമ്പോൾ കുട്ടികളെ വിവിധ ജോലികളിൽ വ്യാപൃതരാക്കി അവധിക്കാലം ആഘോഷമാക്കാൻ അവസരമൊരുക്കുകയാണ് പൊതുപ്രവർത്തകൻ കെ.കെ.ജോർജ് കാക്കശേരി. ഇഷ്ടം പോലെ ചക്ക കിട്ടുന്ന നാടായതിനാൽ കുട്ടികളെ ചക്ക വറുക്കൽ പരിപാടിയിലെത്തിച്ചാണ് അവധി ആഘോഷമാക്കുന്നത്. പുത്തൂർ ചെമ്പംകണ്ടത്ത് കേരളി ഫുഡ് നമ്പർ വൺ നടത്തുകയാണ് ജോർജ്. ചെമ്പംകണ്ടത്തും പരിസരത്തുമുള്ള പന്ത്രണ്ടിലധികം കുട്ടികളെ രാവിലെ ചക്ക വറുക്കാനുള്ള പണികൾ ഏൽപ്പിക്കും. ചക്ക ഇട്ട് അരിഞ്ഞ് വറുത്ത് പായ്ക്കിംഗ് നടത്തിയാണ് വൈകിട്ട് മടങ്ങുക.
അവധിക്കാലത്ത് കുട്ടികൾക്ക് ക്രിയാത്മകമായി ചെയ്യാൻ അവസരം കൊടുത്താലേ ലഹരിയിലേക്ക് പോകാതെ സംരക്ഷിക്കാനാകൂവെന്ന് മകളായ ഡോ. അനഘ ജോർജിന്റെ ഉപദേശം അനുസരിച്ചാണ് ജോർജ് പുതിയ ആശയവുമായി രംഗത്തെത്തിയത്. പിന്തുണയുമായി വാർഡ് മെമ്പറുമെത്തി. നാട്ടിൽ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയിലാണ് വറുക്കുക. വറുക്കാൻ പരിചയമുള്ളവർ ഉണ്ടെങ്കിലും മറ്റ് കാര്യങ്ങളൊക്കെ ചെയ്യുന്നത് ഈ കുട്ടിക്കൂട്ടമാണ്. ചെറിയ പണികൾ ചെയ്യുന്നതിന് വരുമാനം കിട്ടുന്നതോടെ കൂടുതൽ കുട്ടികൾ വന്നു തുടങ്ങി. ചാരിറ്റി പ്രവർത്തകൻ കൂടിയായ തോമസ് ഐക്കരോട്ടിന്റെ പറമ്പിൽ നിന്നാണ് ചക്ക കൊണ്ടുവരുന്നത്.
കുട്ടിക്കൂട്ടത്തിന്റെ ഉത്സാഹത്തിൽ പായ്ക്ക് ചെയ്ത വറുത്ത ചക്കയ്ക്ക് ഇതിനകം വിദേശത്തും ആവശ്യക്കാരായി. കിലോ 675 രൂപയാണ് വില. നാലാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളാണ് കൂട്ടായ്മയിലുള്ളത്. വൈകിട്ട് നാലാകുമ്പോൾ ഇവർ കൂട്ടമായി കളിസ്ഥലത്തേക്ക് നീങ്ങും. വിവിധ ക്ലബ്ബുകൾ ഇത്തരത്തിൽ എന്തെങ്കിലും ക്രിയാത്മകമായ പരിപാടികളിലൂടെ കുട്ടികളെ കൈയിലെടുത്താൽ നേർവഴിക്ക് നടത്താനാകുമെന്ന് ജോർജ് കാക്കശേരി പറയുന്നു.