13കാരന് ചവിട്ടേറ്റ സംഭവം; എസ്.ഐക്കെതിരെ കേസ്
കഴക്കൂട്ടം: മേനംകുളം പാൽക്കര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഏഴാംക്ലാസ് വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടിയ സംഭവത്തിൽ എസ്.ഐക്കെതിരെ കേസ്.ചിറയിൻകീഴ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐയും മേനംകുളം സ്വദേശിയുമായ വി.എസ്.ശ്രീബുവിനെതിരെയാണ് കേസെടുത്തത്.
രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് കഴക്കൂട്ടം പൊലീസാണ് കേസെടുത്തത്.
ആക്രമണത്തിൽ വലതുകാലിന് പരിക്കേറ്റ മേനംകുളം ഏറത്തുവീട്ടിൽ വിനായകൻ (13) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിനായകന്റെ അച്ഛൻ എസ്.എസ്.സുമേഷും ശ്രീബുവും തമ്മിലുണ്ടായ തർക്കവും വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിനായകന്റെ അമ്മ ആർ.എസ്.അശ്വതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ക്ഷേത്രത്തിലെ തൂക്ക ദിവസമായ വ്യാഴാഴ്ച രാത്രിയിൽ ക്ഷേത്രത്തിനു സമീപം നിൽക്കുകയായിരുന്ന വിനായകനെ, ഡ്യൂട്ടിയിലല്ലാതിരുന്ന ശ്രീബു പിടിച്ചുതള്ളുകയും ചവിട്ടുകയുമായിരുന്നുവെന്നാണ് പരാതി. ഉത്സവക്കമ്മിറ്റി ഭാരവാഹി കൂടിയായ ശ്രീബു, ക്ഷേത്ര പരിസരത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടാണ് വിനായകനെ ആക്രമിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും രക്ഷിതാക്കൾ പറഞ്ഞു.