'സുരേഷ് ഗോപിയോട് അസഹിഷ്ണുത'
Sunday 13 April 2025 12:27 AM IST
തൃശൂർ: ജാതിയോ മതമോ നോക്കാതെ ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് തികഞ്ഞ അസഹിഷ്ണുതയാണ് കോൺഗ്രസിനുള്ളതെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. ഒരു മത വിഭാഗത്തോടും അദ്ദേഹം മുഖം തിരിച്ചു നിന്നിട്ടില്ല. അവരെയെല്ലാം ചേർത്തുനിർത്തുന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. അത് അറിയാവുന്നതു കൊണ്ടാണ് നല്ല ശതമാനം ന്യൂനപക്ഷ വിഭാഗങ്ങൾ അദ്ദേഹത്തെ വിജയിപ്പിക്കാൻ വോട്ടു ചെയ്തതും. ആശാവർക്കർമാരുടെ പ്രശ്‌നങ്ങളിലും മുനമ്പം ജനതയുടെ വേദനയിലും അദ്ദേഹം ഇടപെട്ടത് അതു കൊണ്ടാണ്. ഇതിൽ വിറളി പൂണ്ടാണ് യൂത്ത് കോൺഗ്രസുകാരും മൂത്ത കോൺഗ്രസുകാരം തെരുവിലിറങ്ങിയിട്ടുള്ളത്. ഇതുകൊണ്ടൊന്നും ബി.ജെ.പി നേടിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയിൽ ഇടിവുണ്ടാവുകയില്ലെന്നും ജസ്റ്റിൻ ജേക്കബ് അഭിപ്രായപ്പെട്ടു.