വഖഫ് പ്രതിഷേധം; മുർഷിദാബാദിൽ മൂന്നുപേർ കൊല്ലപ്പെട്ടു

Sunday 13 April 2025 1:18 AM IST

കൊൽക്കത്ത: വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വൻ സംഘർഷമായി വളർന്ന പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ഇന്നലെ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ജാഫ്രാബാദിലെ വീട്ടിൽ ഹർഗോവിന്ദ ദാസ്, ചന്ദൻ ദാസ് എന്നിവരെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ വീട് അക്രമികൾ കൊള്ളയടിച്ചു. സാംസർഗഞ്ചിലെ ധുലിയാനിൽ മറ്റൊരാളെ വെടിയേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു.

സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ ഒട്ടേറെ വാഹനങ്ങൾ കത്തിച്ചു. 118 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് ഇന്റർനെറ്റ് സേവനം താത്കാലികമായി നിറുത്തിവച്ചു. ക്രമസമാധാന പാലനത്തിന് പൊലീസിന് പുറമേ ബി.എസ്.എഫിനെയും വ്യന്യസിച്ചു.

സ്ഥിതി നിയന്ത്രണവിധേയമെന്ന് ബംഗാൾ പൊലീസ് അറിയിച്ചു. അക്രമകാരികളെ കണ്ടെത്തുന്നതിന് മാൽഡ, ഹൂഗ്ലി, സൗത്ത് 24 പർഗ്‌നസ്‌ ജില്ലകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. വെള്ളിയാഴ്ചത്തെ സംഘർഷത്തിൽ മുർഷിദാബാദിലെ ജാൻഗിപൂരിൽ പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന് തീയിട്ടിരുന്നു. തൃണമൂൽ കോൺഗ്രസ് എം.പി ഖലിലൂർ റഹ്മാന്റെ ഓഫീസും അടിച്ചുതകർത്തു.

നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും കർശന നടപടിയുണ്ടാകുമെന്നും ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് അറിയിച്ചു. മമത ഭരണകൂടത്തെ വിമർശിച്ച ബി.ജെ.പി, സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര സഹായം അഭ്യർത്ഥിക്കണമെന്ന് നിർദ്ദേശിച്ചു.

കേന്ദ്ര സേന ഉടൻ

വരണമെന്ന് കോടതി

മുർഷിദാബാദിലെ അക്രമസംഭവങ്ങളുടെ പശ്ചാതലത്തിൽ ജില്ലയിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഉത്തരവിട്ടു. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നൽകിയ ഹർജിയിലാണിത്. മുർഷിദാബാദിൽ സമാധാനം പുനഃസ്ഥാപിക്കണം. അവിടെ നടക്കുന്ന കാര്യങ്ങളിൽ കോടതിക്ക് കണ്ണടച്ചിരിക്കാൻ സാധിക്കില്ലെന്നും പ്രത്യേക ബെഞ്ച് നിരീക്ഷിച്ചു. സ്ഥിതിഗതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടും കേന്ദ്രത്തോടും നിർദ്ദേശിച്ചു. 17ന് കേസിൽ കൂടുതൽ വാദം കേൾക്കും.

വഖഫ് ബിൽ നടപ്പാക്കില്ല: മമത

വഖഫ് ഭേദഗതി ബിൽ ബംഗാളിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി മമത ബാനർജി. നിയമം ഞങ്ങൾ ഉണ്ടാക്കിയതല്ല. കേന്ദ്ര സർക്കാരാണ് അതിനുത്തരവാദി. വഖഫ് ഭേദഗതി ബില്ലിൽ ടി.എം.സി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വഖഫിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി സർക്കാർ നേരിടുമെന്നും ചില രാഷ്ട്രീയ കക്ഷികൾ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും മമത പറഞ്ഞു.

ബി.​എ​സ്.​എ​ഫ് ​ജ​വാ​ന്മാരും

​മു​ർ​ഷി​ദാ​ബാ​ദി​ലെ​ ​സം​ഘ​ർ​ഷ​ ​സാ​ഹ​ച​ര്യം​ ​വി​ല​യി​രു​ത്താ​ൻ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം​ ​അ​ഞ്ച് ​ക​മ്പ​നി​ ​ബി.​എ​സ്.​എ​ഫ് ​സേ​ന​യെ​ ​വി​ന്യ​സി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​മേ​ഖ​ല​യി​ലെ​ ​സ്ഥി​തി​ ​സാ​ധാ​ര​ണ​ ​നി​ല​യി​ലേ​ക്ക് ​എ​ത്തി​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​എ​ല്ലാ​വി​ധ​ ​പി​ന്തു​ണ​യും​ ​ന​ൽ​കു​മെ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി,​ഡി.​ജി.​പി​ ​എ​ന്നി​വ​രു​മാ​യി​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​സെ​ക്ര​ട്ട​റി​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സ് ​വ​ഴി​ ​സം​സാ​രി​ച്ചു.