10 ബില്ലുകളും ഒറ്റയ്ക്ക് നിയമമാക്കി തമിഴ്നാട്

Sunday 13 April 2025 1:24 AM IST

 രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ല

ചെന്നൈ: രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ ആർ.എൻ.രവി അയച്ച 10 ബില്ലുകളും പാസാക്കിയ സുപ്രീംകോടതി വിധി ഇന്നലെ പുലർച്ചെയാണ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. തൊട്ട് പിന്നാലെ തമിഴ്നാട് സർക്കാർ ഇവ നിയമമാക്കി വിജ്ഞാപനമിറക്കുകയായിരുന്നു. ഗവർണറോ രാഷ്ട്രപതിയോ ഒപ്പുവയ്ക്കാതുള്ള നിയമം രാജ്യത്ത് ആദ്യമാണ്.

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടതാണ് പ്രധാനം. ചാൻസലറായ ഗവർണറുടെ അധികാരങ്ങൾ എടുത്തുകളഞ്ഞു. അധികാരം സർക്കാരിൽ നിക്ഷിപ്തമായി. 2020ലെ തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റി ഭേദഗതിയാണ് മറ്റൊന്ന്. നിയമം വന്നതോടെ സർവകലാശാലയുടെ പേര് ഡോ. ജെ. ജയലളിത ഫിഷറീസ് യൂണിവേഴ്സിറ്റി എന്നായി. നാഗപട്ടണത്താണ് ആസ്ഥാനം.

2022ലെ തമിഴ്നാട് സർവകലാശാലാ ഭേദഗതി നിയമം, 2022ലെ ഡോ. അംബേദ്കർ നിയമ സർവകലാശാല (ഭേദഗതി) നിയമം, 2022ലെ ഡോ. എം.ജി.ആർ മെഡിക്കൽ സർവകലാശാല, ചെന്നൈ (ഭേദഗതി) നിയമം, 2022ലെ കാർഷിക സർവകലാശാല (ഭേദഗതി) നിയമം, 2022ലെ സർവകലാശാല (രണ്ടാം ഭേദഗതി) നിയമം, 2023ലെ വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല (ഭേദഗതി) നിയമം എന്നിവയും ഉൾപ്പെടുന്നു.

ചരിത്രം സൃഷ്ടിക്കുക എന്നതാണ് ഡി.എം.കെയുടെ രീതി

എം.കെ.സ്റ്റാലിൻ,

മുഖ്യമന്ത്രി, തമിഴ്നാട്