തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യം മാറുന്നു; അണ്ണാ ഡി.എം.കെയെ വിമർശിച്ച് സ്റ്റാലിനും വിജയും
ചെന്നൈ: അണ്ണാ ഡി.എം.കെ എൻ.ഡി.എയിലേക്ക് മടങ്ങിയത്തിയതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. വിജയ്‌യുടെ ടി.വി.കെ ശക്തമായി നിലകൊള്ളുന്നതുകൊണ്ടു തന്നെ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വാശിയേറിയ ത്രികോണ മത്സരം ഉറപ്പായി. അതിനിടെ,ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെ വീണ്ടും സഖ്യത്തിലായതിനെ വിമർശിച്ച് ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിനും ടി.വി.കെ പ്രസിഡന്റ് വിജയ്‌യും രംഗത്തെത്തി.
രണ്ട് റെയ്ഡുകളിലൂടെ അണ്ണാ ഡി.എം.കെയെ ഭയപ്പെടുത്തിയാണ് ബി.ജെപി സഖ്യത്തിന് നിർബന്ധിതരാക്കിയതെന്ന് സ്റ്റാലിൻ ആരോപിച്ചു. അണ്ണാ ഡി.എം.കെയെ പണയംവച്ചിട്ട് തമിഴ്നാടിനെ പണയം വയ്ക്കാൻ പോവുകയാണോ? എന്ന് അദ്ദേഹം ചോദിച്ചു. മിനിമം പദ്ധതിയെന്ന് നിങ്ങൾ പറയുന്നതിൽ ഭാഷാ അവകാശം,നീറ്റ് ഇളവ് എന്നിവയുണ്ടോ? തമിഴ്നാട്ടിലെ ജനങ്ങൾ ഒരിക്കൽകൂടി ഈ വഞ്ചക പരാജയ സഖ്യത്തെ നിർണായകമായി തള്ളിക്കളയുമെന്നും സ്റ്റാലിൻ പറഞ്ഞു.
ബി.ജെ.പി അണ്ണാ ഡി.എം.കെ സഖ്യം മൂന്ന് തവണ തമിഴ്നാട് തള്ളിയതാണ് എന്നായിരുന്നു വിജയുടെ പ്രതികരണം. അണ്ണാ ഡി.എം.കെയുടെ ഐക്കൺ നേതാക്കളായ എം.ജി.ആറിന്റെയും അണ്ണാദുരൈയുടെയും അനുഗ്രഹം തനിക്കൊപ്പമാണ്. ബി.ജെ.പിക്ക് ഡി.എം.കെ രഹസ്യ പങ്കാളിയും അണ്ണാ ഡി.എം.കെ പരസ്യ പങ്കാളിയുമാണ്. 2026ലെ പോരാട്ടം ഡി.എം.കെയും ടി.വി.കെയും തമ്മിലാകുമെന്ന് വിജയ് ആവർത്തിച്ചു.