അഞ്ചിന പ്രവർത്തന പദ്ധതിയുമായി കോൺഗ്രസ്

Sunday 13 April 2025 1:41 AM IST

ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന എ.ഐ.സി.സി സമ്മേളന തീരുമാന പ്രകാരം ഡി.സി.സികളുടെ ശാക്‌തീകരണം അടക്കം നടപടികൾക്കുള്ള അഞ്ചിന പ്രവർത്തന പദ്ധതി പുറത്തിറക്കി കോൺഗ്രസ്.

 നേതൃത്വത്തിന് ദിശാബോധം നൽകാനും കേഡർ സ്വഭാവത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഡി.സി.സികളെ ശാക്തീകരിക്കലാണ് പ്രധാന നിർദ്ദേശം. എല്ലാ ഡി.സി.സി പ്രസിഡന്റുമാർക്കും പി.സി.സികൾ അടിയന്തരമായി ഓൺലൈൻ ആയോ, ഓറിയന്റേഷൻ സെഷനുകൾ നടത്തണം. അഹമ്മദാബാദ് എ.ഐ.സി.സി പ്രമേയത്തിന്റെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള സംഗ്രഹം,സ്ലൈഡ് പ്രസന്റേഷൻ,പ്രധാന ചർച്ചാ വിഷയങ്ങൾ എന്നിവ പി.സി.സികൾക്ക് നൽകും.

 അഹമ്മദാബാദ് പ്രമേയത്തിന്റെ സന്ദേശം താഴെതട്ടിൽ എത്തിക്കാൻ എല്ലാ ജില്ലാ കമ്മിറ്റികളുംനിശ്ചിത സമയപരിധിക്കുള്ളിൽ പ്രവർത്തക സമ്മേളനം വിളിച്ചുകൂട്ടണം. ബ്ലോക്ക്, ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാർ, മഹിളാ കോൺഗ്രസ്,യൂത്ത് കോൺഗ്രസ്,എൻ.എസ്‌.യു.ഐ,സേവാദൾ തുടങ്ങിയ പോഷക സംഘടനകളുടെ നേതാക്കളെയും ഉൾപ്പെടുത്തണം.

 പി.സി.സി,ഡി.സി.സി തലത്തിലുള്ള ഡിജിറ്റൽ മീഡിയ ടീമുകൾ എ.ഐ.സി.സി സോഷ്യൽ മീഡിയ ടീം തയ്യാറാക്കുന്ന ലഘു വീഡിയോകൾ, റീലുകൾ, കാർഡുകൾ എന്നിവ പ്രാദേശിക ഭാഷകളിലാക്കി സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കണം.

 അഹമ്മദാബാദ് പ്രമേയം, കോൺഗ്രസിന്റെ ഭാവി പദ്ധതികൾ,ബി.ജെ.പി-എൻ.ഡി.എ കക്ഷികളുടെ പിഴവുകൾ തുടങ്ങിയവ വിവരിക്കുന്ന ലഘുലേഖകൾ ഡി.സി.സികൾ സാധാരണക്കാരന് മനസിലാകുന്ന തരത്തിൽ തയ്യാറാക്കി മാർക്കറ്റുകൾ,ഉത്സവ പറമ്പുകൾ,ആളുകൾ കൂടുന്ന പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കണം.

 പ്രാദേശിക മാദ്ധ്യമങ്ങളുമായുള്ള ഇടപെടൽ ശക്തമാക്കണം. ഡിസിസി പ്രസിഡന്റുമാർ ഇടയ്‌ക്കിടെ പത്രസമ്മേളനങ്ങൾ സംഘടിപ്പിക്കണം. മാദ്ധ്യമങ്ങളിൽ അഭിമുഖങ്ങൾ നൽകിയും ലേഖനങ്ങൾ എഴുതിയും കോൺഗ്രസ് നയങ്ങൾക്ക് പ്രചാരണം നൽകുക.