സമ്മർദ്ദം ശക്തമാക്കി ട്രംപ്: യു.എസ്-ഇറാൻ ആണവ ചർച്ചയ്ക്ക് തുടക്കം
മസ്‌കറ്റ്: ഇറാനുമായി ആണവ ചർച്ച ആരംഭിച്ച് യു.എസ്. ഇന്നലെ മസ്‌കറ്റിൽ ഒമാൻ വിദേശകാര്യ മന്ത്രി ബാദ്ർ അൽ-ബുസൈദിയുടെ മദ്ധ്യസ്ഥതയിൽ പരോക്ഷമായാണ് ചർച്ച തുടങ്ങിയത്. ഈ മാസം 19ന് രണ്ടാം റൗണ്ട് ചർച്ച നടത്താമെന്ന ധാരണയിൽ ഇരുകൂട്ടരും പിരിഞ്ഞു.
2018ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ആദ്യമായാണ് ഉന്നത തല ചർച്ച നടത്തുന്നത്. ചർച്ച വിജയിച്ചാൽ യു.എസ്-ഇറാൻ ആണവ കരാറിന്റെ വാതിൽ തുറക്കുമെന്നാണ് പ്രതീക്ഷ. പരാജയപ്പെട്ടാൽ ഇറാന് 'വളരെ മോശം ദിനം" ആകുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാൻ ആണവ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ സൈനിക നടപടി അടക്കം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് പറയുന്നു. യുദ്ധത്തിന് വരെ ഇത് കാരണമാകാം. ഇറാൻ ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. സമ്മർദ്ദത്തിന് നടുവിൽ ഒരു കരാറിന് തയ്യാറാകില്ലെന്ന് ഇറാനും വ്യക്തമാക്കി. ഇറാന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയും, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് യു.എസിന് വേണ്ടിയും ചർച്ചയിൽ പങ്കെടുത്തു.
ആണവായുധം നിർമ്മിക്കാതിരുന്നാൽ ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുമെന്ന ധാരണയിൽ യു.എസും പാശ്ചാത്യ രാജ്യങ്ങളും ചേർന്ന് ആവിഷ്കരിച്ച കരാർ 2016ൽ പ്രാബല്യത്തിൽ വന്നിരുന്നു. കരാർ പ്രകാരം യുറേനിയം സമ്പുഷ്ടീകരണ പരിധി ഇറാൻ നിജപ്പെടുത്തുകയും അരക് അടക്കം ആണവ റിയാക്ടറുകളിലെ പ്രവർത്തനം നിറുത്തുകയും ചെയ്തിരുന്നു. എന്നാൽ 2018ൽ ഒന്നാം ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് യു.എസ് കരാറിൽ നിന്ന് പിന്മാറി. ഇതിലും മികച്ച കരാർ രൂപപ്പെടുത്തുമെന്നാണ് ട്രംപിന്റെ വാദം.
ആണവായുധങ്ങൾ വേണ്ട
ഇറാന് ആണവായുധങ്ങൾ പാടില്ലെന്നാണ് ട്രംപിന്റെ പക്ഷം. ഇത് വ്യക്തമാക്കുന്ന കത്ത് ട്രംപ് കഴിഞ്ഞ മാസം യു.എ.ഇ വഴി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്ക് കൈമാറി. കരാറിന് തയ്യാറായാൽ ഇറാനെതിരെയുള്ള യു.എസിന്റെയും ഇസ്രയേലിന്റെയും സൈനിക ആക്രമണങ്ങൾ ഒഴിവാകുമെന്നും സൂചിപ്പിച്ചിരുന്നു.
കരാർ ന്യായമാകണം
ഉപരോധങ്ങൾ ഒഴിവാക്കാൻ തങ്ങളുടെ ആണവ പദ്ധതി പരിമിതപ്പെടുത്താനുള്ള ഒരു കരാറിന് ഇറാൻ തയ്യാറാണ്. എന്നാൽ അത് പൂർണമായും ഇല്ലാതാക്കാൻ ഒരുക്കമല്ല. ന്യായമായ കരാറാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അബ്ബാസ് അരാഘ്ചി പറഞ്ഞു.
പരാജയപ്പെട്ടാൽ ?
മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക ശേഷി കൂട്ടാൻ ട്രംപ് നിർദ്ദേശിച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ കരാറിലെത്തണമെന്നാണ് ട്രംപ് ഇറാന് നൽകിയ നിർദ്ദേശം. പരാജയപ്പെട്ടാൽ ഇറാനിലെ ആണവ കേന്ദ്രങ്ങളെ യു.എസോ യു.എസിന്റെ പിന്തുണയോടെ ഇസ്രയേലോ ആക്രമിക്കും.