നാ​സ​യു​ടെ​ ​ഫ​ണ്ട് വെ​ട്ടി​ച്ചുരുക്കാ​ൻ​ ​ട്രം​പ്

Sunday 13 April 2025 7:32 AM IST

വാഷിംഗ്ടൺ: സ്‌പേസ് ഏജൻസിയായ നാസയ്‌ക്കുള്ള ബഡ്‌ജറ്റ് വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാസയുടെ 2026ലെ മൊത്തത്തിലുള്ള ബഡ്ജറ്റിൽ 20 ശതമാനം കുറവ് വരുത്താനാണ് സാദ്ധ്യത. നാസയുടെ ശാസ്ത്ര വിഭാഗത്തിനുള്ള ഫണ്ടിൽ 50 ശതമാനത്തോളം കുറവ് വരുത്താനാണ് നീക്കം.

ഇതുസംബന്ധിച്ച പ്രാഥമിക ബഡ്‌ജറ്റ് നിർദ്ദേശം നാസയ്‌ക്ക് വൈ​റ്റ് ഹൗസ് കൈമാറി. തീരുമാനം നടപ്പായാൽ നാസയുടെ പ്രധാനപ്പെട്ട ഗവേഷണ പദ്ധതികൾ തടസപ്പെട്ടേക്കും. നാസയുടെ മൊത്തം ബഡ്‌ജറ്റ് 25 ബില്യൺ ഡോളറാണ്. ഇതിൽ 5 ബില്യൺ ഡോളറിന്റെ കുറവ് വരുത്തേണ്ടതുണ്ടെന്ന് നിർദ്ദേശത്തിൽ പറയുന്നു.

നാസയുടെ ആസ്ട്രോഫിസിക്‌സ് ഡിവിഷന്റെ 1.5 ബില്യൺ ഡോളർ ഫണ്ട് 487 മില്യണായി ചുരുങ്ങും. സോളാർ സയൻസ് ഡിവിഷന് 60 ശതമാനവും എർത്ത് സയൻസസിന് 50 ശതമാനവും പ്ലാനറ്ററി സയൻസസിന് 30 ശതമാനവും ഫണ്ട് വെട്ടിച്ചുരുക്കാനാണ് നീക്കം. ജെയിംസ് വെബ്,ഹബിൾ സ്‌പേസ് ടെലിസ്കോപ്പുകൾക്കുള്ള ഫണ്ടിൽ മാറ്റമില്ല. എന്നാൽ വിദൂര ഗാലക്‌സികളുടെ ഇൻഫ്രാറെഡ് സർവേയ്‌ക്കായി രൂപകല്‌പന ചെയ്‌ത നാൻസി ഗ്രേസ് റോമൻ സ്‌പേസ് ടെലിസ്കോപ്പിന് ഫണ്ടില്ല.

2027ലാണ് ഇതിന്റെ വിക്ഷേപണം നിശ്ചയിച്ചിട്ടുള്ളത്. ബഡ്‌ജറ്റ് നടപ്പായാൽ മേരിലാൻഡിലുള്ള നാസയുടെ ഗോഡാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്ററിലെ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിടേണ്ടി വരും. അതേസമയം,ബഡ്‌ജറ്റ് നിർദ്ദേശത്തിനെതിരെ അപ്പീൽ നൽകാൻ നാസ നേതൃത്വത്തിന് അവസരമുണ്ട്.

തുടർന്ന് യു.എസ് കോൺഗ്രസിന് മുന്നിൽ സമർപ്പിക്കപ്പെടുന്ന നിർദ്ദേശങ്ങൾ സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും അംഗങ്ങൾ അവലോകനം ചെയ്‌ത് മാറ്റം വരുത്തും. മറ്റ് ഫെഡറൽ ഏജൻസികൾക്കുള്ള ബഡ്‌ജറ്റുകളും ഇത്തരത്തിൽ അവലോകനം നടത്തും. തുടർന്ന് ഒക്ടോബറിൽ അന്തിമ കരട് അംഗീകരിക്കും.