പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ യുവ പാസ്റ്റർ പിടിയിൽ

Sunday 13 April 2025 12:40 PM IST

ചെന്നെെ: പോക്‌സോ കേസ് പ്രതിയായ യുവ പാസ്റ്റർ പിടിയിൽ. കോയമ്പത്തൂർ കിംഗ്സ് ജനറേഷൻ ചർച്ച് പാസ്റ്ററായ ജോൺ ജെബരാജ് (37)​ ആണ് മൂന്നാറിൽ നിന്ന് പിടിയിലായത്. പ്രായപൂർത്തിയാകാത്ത രണ്ടുപെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്നതാണ് കേസ്. പൊലീസ് പോക്സോ കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ന്യൂജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു പ്രതി. ഇയാളെ പൊലീസ് കോയമ്പത്തൂരിലെത്തിച്ചു.

2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരിലെ ഒരു വീട്ടിൽ നടന്ന പ്രാർത്ഥനാ ചടങ്ങിനെത്തിയ രണ്ടുപ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലെെംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവം നടന്ന് 11 മാസങ്ങൾക്ക് ശേഷമാണ് പെൺകുട്ടികളുടെ ബന്ധുക്കൾ പരാതിയുമായി എത്തിയത്. പതിനെഴുകാരിയും പതിനാലുകാരിയുമാണ് ലെെംഗികാതിക്രമത്തിന് ഇരയായത്. ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തുന്ന വ്യക്തിയാണ് ഇയാൾ. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേള്സും ഇയാൾക്കുണ്ട്. പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന പാട്ടും ഡാൻസുമൊക്കെയായിട്ടാണ് ആരാധന നടത്തുന്നത്.