പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ.... ആദിത്യയുടെ കൈപതിഞ്ഞു,  ആസ്വാദകരുടെ മനം നിറഞ്ഞു

Monday 14 April 2025 12:10 AM IST

കോട്ടയം : കല്ലായാലും, ചില്ലുകഷ്ണമായാലും ആദിത്യയുടെ കൈയിൽ കിട്ടിയാൽ അത് ജീവൻ തുടിക്കുന്ന കരകൗശല വസ്തുക്കളാകും. മനസിൽ വിരിയുന്ന രൂപത്തിന് നിറമേകി പൂർണതയിലെത്തിക്കുകയാണ് ഈ പതിനേഴുകാരി. ഉപയോഗശേഷം നമ്മളിൽ പലരും വലിച്ചെറിയുന്ന സാധനങ്ങളിൽ നിന്ന് പിറവിയെടുത്തത് അറുനൂറിലധികം കരകൗശല വസ്തുക്കളാണ്. കത്രിക, വള, കുപ്പിയുടെ അടപ്പ്, പെൻസിൽ കട്ടർ, അടുക്കളയിലെ ഉപയോഗശൂന്യമായ പാത്രങ്ങൾ ഇതൊക്കെയാണ് ആദിത്യ ഇതിനായി ഉപയോഗിക്കുന്നത്. വരയും, ചിത്രകലയും അഭ്യസിച്ചിട്ടില്ലെങ്കിലും ബോട്ടിൽ ആർട്ടിനോടാണ് പ്രിയം. കുപ്പികളിലെ ചിത്രവർണ്ണങ്ങൾക്ക് പുറമേ മുത്തുകൾ കൊണ്ടും വർണ്ണ നൂലുകൾ കൊണ്ടുമുള്ള തൊങ്ങലുകൾ, കവിളംമടലിന്റെ ഒരു കഷണം പോലും ക്യാൻവാസാണ്. പ്ലാസ്റ്റിക് കുപ്പികൾ, പേപ്പർ കപ്പുകൾ, കാർഡ്‌ബോർഡുകൾ, ചിരട്ട, തെർമോകോൾ തുടങ്ങിയവയിലെല്ലാം ആദിത്യയുടെ കൈപതിഞ്ഞപ്പോൾ കാഴ്ചക്കാർക്കും നവ്യാനുഭവമായി. അമ്മ സുവർണയും ഒപ്പം സഹായിയായുണ്ട്.

ആഗ്രഹം ഫാഷൻ ഡിസൈനിംഗ് കോട്ടയം സിവിൽ സ്‌റ്റേഷനിൽ സംഘടിപ്പിച്ച മാലിന്യമുക്ത അവബോധന പരിപാടിയിലും, കളക്ടറേറ്റ് വളപ്പിലെ അലങ്കാരവസ്തു പ്രദർശനത്തിലും ആദിത്യ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു. കിടങ്ങൂർ എൻ.എൻ.എസ് സ്‌കൂളിൽ നിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കി. ഫാഷൻ ഡിസൈനിംഗ് മേഖലയിലേക്ക് കടക്കാനാണ് ആഗ്രഹം. കിടങ്ങൂർ തോട്ടുംകരയിൽ ബി.ബാബുവിന്റെയും, സുവർണ്ണാ ദേവിയുടെയും മകളാണ്.

''വലിച്ചെറിയാനുള്ളതല്ല പാഴ്‌വസ്തുക്കൾ. അതിൽ നിന്ന് നമുക്ക് എന്തൊക്കെ പ്രയോജനമുണ്ടെന്ന് പലർക്കുമറിയില്ല. അതിനുള്ള എളിയശ്രമമാണ് ഇതിന് പിന്നിൽ.

ആദിത്യ ബാബു