നെല്ല് സംഭരണത്തിൽ വീണ്ടും മെല്ലെപ്പോക്ക്.......... വിയർപ്പിന്റെ വിലയാണ് , കുന്നുകൂടി കിടക്കുന്നത്

Monday 14 April 2025 12:17 AM IST

കോട്ടയം : കടം വാങ്ങിയും, പണയംവച്ചും കൊയ്ത് കൂട്ടിയ പ്രതീക്ഷകളാണ് കുന്നുകൂടി കിടക്കുന്നത്. ഞങ്ങളുടെ അദ്ധ്വാനത്തിന് ഒരുവിലയുമില്ലേ. വിഷുദിനത്തിലും കർഷക കണ്ണീർ തോരാമാഴയായി പെയ്തിറങ്ങുകയാണ്. പക്ഷേ ആര് കാണാൻ. ജില്ലയിൽ പലയിടങ്ങളിലും കൊയ്ത്ത് കഴിഞ്ഞ നെല്ല് സംഭരിക്കാനാളില്ലാതെ പാടത്ത് കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയും അധിക കിഴിവും താരയും എല്ലാം കർഷകരെ തുടർച്ചയായി കടക്കെണിയിലേക്ക് തള്ളിവിടുന്നു. ഇടവിട്ടുള്ള മഴയിൽ കൊയ്‌ത്ത് പൂർത്തിയാകാത്ത പാടശേഖരങ്ങളുമുണ്ട്. പലയിടത്തും വെള്ളം കയറി നെൽച്ചെടികൾ ചാഞ്ഞ നിലയിലാണ്. ഡ്രോൺ ഉപയോഗിച്ച് വളവും മരുന്നും പ്രയോഗിച്ച പാടശേഖരങ്ങളിലാണ് ഇത് കൂടുതൽ.

മൂന്നാഴ്ചയായി ഇവരുടെ കാത്തിരിപ്പ് കല്ലറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ അകത്താംതറ പാടശേഖരത്തിലെ നെല്ല് കൊയ്‌തെടുത്തിട്ട് മൂന്നാഴ്ച പിന്നിട്ടു. സംഭരിക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷൻ തയ്യാറായിട്ടില്ല. ഒരു ക്വിന്റലിന് 23 കിലോ താരയാണ് ആവശ്യപ്പെടുന്നത്. കർഷകരിത് സമ്മതിച്ചില്ല. പകരം നെല്ല് പേറ്റി പൂർണമായി പതിര് കളഞ്ഞു നൽകിയാൽ 13 കിലോ താര കുറച്ച് നെല്ല് സംഭരിക്കാമെന്നാണ് മില്ലുടമകൾ പറയുന്നത്. ഇതിനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. കല്ലറ മണ്ഡലം ഐ.എൻ.ടി.യു.സി പ്രസിഡന്റ് സിറിയക്ക് ജോസഫ്, ജില്ലാ സെക്രട്ടറി റ്റി.ആർ ശശികുമാർ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.കെ ഗോപിനാഥൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഉത്തമൻ എന്നിവർ പാടശേഖരം സന്ദർശിച്ചു.

''കർഷകരുടെ ബുദ്ധിമുട്ടുകൾ ജില്ലാ പാഡി അസിസ്റ്റന്റ് മാനേജരെ അറിയിച്ചു. തുടർന്ന് നെല്ല് പേറ്റി തീരുന്നതിനുസരിച്ച് താര പരമാവധി ഒഴിവാക്കി നെല്ല് സംഭരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

(ഐ.എൻ.ടി.യു.സി ഭാരവാഹികൾ)