ജാതി വേർതിരിവ് വേണ്ട, ക്ഷേത്രങ്ങളിൽ  മുഴങ്ങണം മാറ്റത്തിന്റെ കാഹളം

Monday 14 April 2025 12:45 AM IST

വൈക്കം മഹാദേവ ക്ഷേത്രത്തിൽ ജാതി തിരിച്ചുള്ള ചടങ്ങുകൾ ഒഴിവാക്കി ഹൈന്ദവർ ഒന്നിച്ചുള്ള പരിപാടികൾ നടത്താൻ അനുമതി നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും,​ മന്ത്രി വി.എൻ.വാസവനെയും അഭിനന്ദിക്കുകയാണ് ചുറ്റുവട്ടം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ചു​റ്റുവഴികളിൽ അവർണ്ണന് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ 603 ദിവസം നീണ്ട വൈക്കം സത്യഗ്രസമര ശതാബ്ദി വർഷത്തിലെടുത്ത ഈ തീരുമാനം ജാതി തിരിച്ച് ഇന്നും താലപ്പൊലി ഘോഷയാത്രയും മറ്റും നടത്തുന്ന പല ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും നടപ്പാക്കാൻ തന്റേടം കാണിക്കണമെന്നാണ് ബന്ധപ്പെട്ടവരോട് പറയാനുള്ളത്. വൈക്കത്ത് പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന വടക്കുപുറത്തുപാട്ടിനോടനുബന്ധിച്ച് ദേവിയെ എതിരേൽക്കുന്ന ചടങ്ങിൽ ആദ്യത്തെ ആറു ദിവസങ്ങൾ എൻ.എസ്.എസിനായിരുന്നു അവസരം. ഇക്കുറി എല്ലാ സമുദായങ്ങളിൽ നിന്നുമുള്ളവർ തുല്യപങ്കാളിത്തത്തോടെ എതിരേൽപ്പ് നടത്തിയാൽ മതിയെന്ന വടക്കുപുറത്ത് പാട്ട് കമ്മി​റ്റിയുടെ തീരുമാനമാണ് നവോത്ഥാന മണ്ണിൽ വീണ്ടുമൊരു സാമൂഹ്യമാ​റ്റത്തിന് തുടക്കമിട്ടത്. വിളക്കെടുക്കുന്ന എല്ലാവർക്കും കളത്തിന് പ്രദക്ഷിണം ചെയ്യാൻ അനുമതി നൽകിയതിന് പിന്നാലെയാണ് ജാതി വേർതിരിവ് ചടങ്ങുകളിൽ വേണ്ടെന്ന ഉത്തരവും പുറത്തിറങ്ങിയത്.

വൈക്കത്തഷ്ടമിയുടെ കുലവാഴ പുറപ്പാട്, താലപ്പൊലികൾ അടക്കം മിക്ക ചടങ്ങുകളും വർഷങ്ങളായി ജാതി തിരിച്ചാണ് നടത്തിയിരുന്നത്. ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇന്നും പെൺകുട്ടികൾ ഋതുമതിയാകും മുമ്പ് എടുക്കുന്ന വിളക്കെടുപ്പ് ചടങ്ങിന് നായർ വിഭാഗത്തിന് മാത്രമാണ് അനുമതി. 17 ദിവസം വ്രതം നോക്കി മറ്റ് സമുദായക്കാർക്ക് വേണ്ടിയും നായർ പെൺകുട്ടികൾ വിളക്കെടുക്കുന്നതിനുള്ള ചെലവ് കാശ് അവർക്ക് നൽകണമെന്ന് മാത്രം. തിരുവാർപ്പിലെ ക്ഷേത്ര വഴികളിലൂടെ പിന്നാക്കക്കാർക്ക് നടക്കാനുള്ള അവകാശ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ടി.കെ.മാധവന് ക്രൂരമർദ്ദനമാണ് ഏൽക്കേണ്ടി വന്നത്. പിന്നീടത് മരണത്തിലേക്കും നയിച്ചു. അങ്ങനെയുള്ള മണ്ണിൽ ഹിന്ദു സമുദായത്തിൽപ്പെട്ട എല്ലാ പെൺകുട്ടികൾക്കും വിളക്കെടുക്കാനുള്ള അവകാശത്തിന് ദേവസ്വം ബോർഡ് അവസരമൊരുക്കേണ്ടതാണ്. പൂജാവിധികൾ പഠിച്ച അബ്രാഹ്മണരെയും ശാന്തിക്കാരാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചെങ്കിലും അവരിൽനിന്ന് പ്രസാദം വാങ്ങാൻ തയ്യാറാകാതെ പല ക്ഷേത്രങ്ങളിലും അയിത്തം കൽപ്പിക്കുകയാണ്. പിന്നാക്കക്കാരായ ഉദ്യോഗസ്ഥരെ അയിത്തം കൽപ്പിച്ച് അകറ്റിനിറുത്താൻ ശ്രമിച്ചതിന്റെ തെളിവായിരുന്നു ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിലെ കഴകക്കാരനോടുള്ള ജാതിവിവാദം. ബോർഡിനു കീഴിലുള്ള ശബരിമലയിൽ ശാന്തിക്കാരനാകാൻ അപേക്ഷ നൽകാൻ ഇന്നും പിന്നാക്കക്കാർക്ക് അനുവാദമില്ല. ഇതിനൊക്കെ മാറ്റം വന്നാലേ യഥാർത്ഥ നവോത്ഥാനമാകൂ എന്നാണ് ബന്ധപ്പെട്ടവരെ ചുറ്റവട്ടത്തിന് ഓർമ്മിപ്പിക്കാനുള്ളത്