കഴക്കൂട്ടത്ത് ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
Monday 14 April 2025 1:44 AM IST
കഴക്കൂട്ടം: കഴക്കൂട്ടത്ത് പട്ടാപ്പകൽ ബൈക്ക് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കൊല്ലം മൈലക്കാട് സ്വദേശികളായ ഉറിഞ്ചാൻ സുധീഷ് (24),ഭാസി എന്ന അഖിൽ (24) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 7ന് ഉച്ചയ്‌ക്കാണ് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന കഠിനംകുളം സ്വദേശി ഷാരൂഖ് ഖാന്റെ സൂപ്പർ ബൈക്ക് മോഷണം പോയത്. അന്നു തന്നെ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയെങ്കിലും പിറ്റേന്നാണ് കേസ് രജിസ്റ്റർ ചെയ്‌തത്. സി.സി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലം ഭാഗത്തേയ്ക്കാണ് ബൈക്ക് കൊണ്ടുപോയതെന്ന് കണ്ടെത്തി.
തുടർന്ന് കൊല്ലത്തുള്ള ബൈക്ക് മോഷ്ടാക്കളെ നിരീക്ഷിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നമ്പർ മാറ്റി ബൈക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവർ വാഹന മോഷണം,ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്. ഇവരെ റിമാൻഡ് ചെയ്തു.