നാടാകെ ഓശാനപ്പെരുന്നാൾ ആഘോഷിച്ചു
ആലപ്പുഴ: യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്‌മരണകളുണർത്തി നാടാകെ ഓശാന ഞായർ ആചരിച്ചു. ദേവാലയങ്ങളിൽ കുരുത്തോലകളേന്തിയാണ് ക്രൈസ്‌തവർ ഓശാനപ്പെരുന്നാൾ ആഘോഷിച്ചത്. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവിലകളേന്തി ജറുസലം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്‌മരണമായി തിരുക്കർമങ്ങളോടെയായിരുന്നു ഓശാന ഞായറാചരണം. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും അനുസ്മരണദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമായി.
ആലപ്പുഴ നഗരത്തിലെ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിലും പഴവങ്ങാടി മാർസ്ളീവ ഫെറോന ദേവാലയത്തിൽ ഫാ.സിറിയക് കോട്ടയിലും ആലപ്പുഴ മലങ്കര സെന്റ് മേരീസ് കത്തീഡ്രലിൽ ഫാ.രഞ്ജിത്ത് മഠത്തിറമ്പിലും ഓശാന ഞായറാചരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
നഗരത്തിലെ ലത്തീൻ, സീറോ മലബാർ, മലങ്കര കത്തോലിക്ക സഭകളിലെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംയുക്ത കുരിശിന്റെ വഴിയും നടന്നു. മൗണ്ട് കാർമൽ കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന കുരിശിന്റെ വഴി കോൺവെന്റ് സ്ക്വയർ, വഴിച്ചേരി, പിച്ചു അയ്യർ ജംഗ്ഷൻ, മുല്ലയ്ക്കൽ എ.വി.ജെ ജംഗ്ഷൻ വഴി പഴവങ്ങാടി പള്ളിയിൽ സമാപിച്ചു.
പീഡാനുഭവ വാരാചരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ബുധൻ വരെ ദേവാലയങ്ങളിൽ പുരോഹിതർ ബൈബിൾ സന്ദേശം നൽകി ദിവ്യബലി അർപ്പിക്കും.