കുട്ടനാട്ടിലെ താറാവ് കർഷകർക്ക് ഈസ്റ്റർ കാലത്തും ദുരിതം
ആലപ്പുഴ: പക്ഷിപ്പനി ഭീതിയും പക്ഷിവളർത്തൽ നിരോധനവും നീങ്ങിയെങ്കിലും ഈസ്റ്റർ കാലത്തും കഷ്ടകാലം താറാവ് കർഷകരെ വിട്ടൊഴിയുന്നില്ല. കുട്ടനാട് മേഖലയിൽ താറാവുകൾക്ക് ബാധിച്ച പ്ളേഗ്, പാസ്റ്റർലാരോഗങ്ങളാണ് ഈസ്റ്ററിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കർഷകരെ ദുരിതത്തിലാക്കിയത്. താറാവിന്
ആദ്യത്തെ മാസത്തിൽ കൊടുക്കുന്ന പ്ലേഗ് വാക്‌സിനും, തുടർന്ന് 15 ദിവസത്തിനുള്ളിൽ നൽകുന്ന പാസ്റ്റർലാ വാക്സിൻ ലഭിക്കാത്തതാണ് താറാവുകളിൽ രോഗ ബാധ വ്യാപകമാകാൻ കാരണം. തിരുവനന്തപുരം പാലോട് വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൽപ്പാദിപ്പിക്കുന്ന വാക്സിനാണ് താറാവുകൾക്ക് നൽകേണ്ടത്. ഇവിടെ നിന്ന് മൃഗ സംരക്ഷണ വകുപ്പിന് വാക്സിൻ ലഭിക്കാത്തതാണ് കുട്ടനാടുൾപ്പെടെ രോഗബാധിത പ്രദേശങ്ങളിൽ വാക്സിനേഷൻ തടസപ്പെടാൻ കാരണമെന്ന് കർഷകർ ആരോപിക്കുന്നു.
അതേസമയം, കുട്ടനാട്ടിലെ വ്യാപകമാകുന്ന താറാവ് രോഗബാധയ്ക്കും പക്ഷിപ്പനിക്കും നഷ്ടപരിഹാരം വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ വിഷു കഴിഞ്ഞാലുടൻ ആലപ്പുഴ ജില്ലാ വെറ്ററിനറി ആശുപത്രി ഉപരോധിക്കാനാണ് കർഷകരുടെ തീരുമാനം.
പൊതുമാർക്കറ്റിൽ പൂർണ്ണ വളർച്ചയെത്തിയ ഒരു താറാവിന് 500 - 750 രൂപ വരെ വിലയുള്ളപ്പോൾ കള്ളിംഗിനിരയായ താറാവുകളിൽ 60 ദിവസത്തിൽ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും, അതു കഴിഞ്ഞവയ്ക്ക് 200മാണ് നഷ്ടപരിഹാരമായി നൽകുന്നത്. താറാവ് കുഞ്ഞുങ്ങൾക്കും തീറ്റയ്ക്കും ക്രമാതീതമായി വില വർദ്ധിച്ചിട്ടും 2014 ലെ നിരക്കിലാണ് ഇപ്പോഴും നഷ്ടപരിഹാരം നൽകുന്നതെന്നും
2024 ൽ കള്ളിംഗ് നടത്തി 11 മാസത്തിന് ശേഷം 12ശതമാനം കുറച്ചാണ് നൽകിയതെന്നും കർഷകർ പറയുന്നു.
പക്ഷിപ്പനിക്ക് പിന്നാലെ പ്ളേഗും
1.പാലോട് ഉദ്പാദിപ്പിക്കുന്ന വാക്‌സിനുകൾ ജില്ലാ മൃഗാശുപത്രി വഴിയാണ് കർഷകർക്ക് വിതരണം ചെയ്യേണ്ടത്. ദിവസങ്ങളോളം തീറ്റയെടുക്കാതെ തൂങ്ങിനിൽക്കുന്ന താറാവുകൾ ഒന്നോ രണ്ടോ ദിവസത്തിനകം ചത്തുപോകുകയാണ് ചെയ്യുന്നത്
2.പക്ഷിപ്പനിയുടെ നിയന്ത്രണങ്ങൾ ഒഴിഞ്ഞതിന് പിന്നാലെ വീണ്ടും നിരോധനമുണ്ടായാൽ അത് താറാവ് കർഷകരെ ആത്മഹത്യയുടെ വക്കിലെത്തിക്കുമെന്ന കാരണത്താൽ പലരും മൗനത്തിലാണ്
3.നിയന്ത്രണം നീങ്ങിയതോടെ ധാരാളം കർഷകർ താറാവ് വളർത്തൽ പുനരാരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് രോഗ ബാധ. വീണ്ടും നിയന്ത്രണമുണ്ടാകുകയോ, താറാവുകളെ കൊന്നൊടുക്കുകയോ ചെയ്താൽ ഇത് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കും
താറാവ് കർഷകരോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ഐക്യതാറാവ് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ജില്ലാ വെറ്റിനറി കേന്ദ്രത്തിന് മുന്നിൽ ഉടൻ സമരം ആരംഭിക്കും. പാസ്റ്റർലാ, പ്ളേഗ് രോഗം കാരണം നിരവധി താറാവുകളാണ് ചത്തൊടുങ്ങിയത്. ഇത് മുട്ട, ഇറച്ചി ഉൽപ്പാദനത്തെ ഇത് കാര്യമായി ബാധിക്കും
- ശാമുവൽ, താറാവ് കർഷക സംഘം
പക്ഷിപ്പനി കാലത്ത് താറാവ് വളർത്തലിന് നിരോധനമുണ്ടായിരുന്നതിനാൽ ഇന്റന്റ് നൽകാൻ കഴിയാത്തതിനാലാണ് മരുന്ന് കിട്ടാത്തത്. നിരോധനം പിൻവലിച്ച ശേഷം മരുന്നിനു ഓർഡർ നൽകിയിട്ടുണ്ട്. ഉടൻ എത്തിക്കും.
-ജില്ലാ മൃഗ സംരക്ഷണ ഓഫീസ്, ആലപ്പുഴ.