ജനറൽ ആശുപത്രിയിലെ മാമോഗ്രാം 'ഓൺ‌' ആവാൻ ആഴ്ചകളെടുക്കും

Monday 14 April 2025 2:10 AM IST

ആലപ്പുഴ: ജനറൽ ആശുപത്രിയുടെ പുതിയ ബഹുനില ഒ.പി മന്ദിരത്തിൽ സ്തനാർബുദ നിർണയത്തിനുള്ള ഡിജിറ്റൽ മാമോഗ്രാം സ്ഥാപിച്ച് ഉദ്ഘാടനം നടത്തി ഒരാഴ്ച പിന്നിടുമ്പോഴും ലൈസൻസില്ലാത്തതിനാൽ പ്രവർത്തിച്ചു തുടങ്ങിയില്ല. ജില്ലയിൽ സർക്കാർ സംവിധാനത്തിൽ മാമോഗ്രാം പരിശോധനയ്ക്ക് ഏക ആശ്രയമായ ജനറൽ ആശുപത്രിയിലേക്ക് നിരവധിപ്പേർ ദിവസേന എത്തുന്നുണ്ടെങ്കിലും

നിരാശയാണ് ഫലം.

മെഷീൻ പ്രവർത്തിക്കാനുള്ള ലൈസൻസ് ലഭിക്കാൻ മൂന്നാഴ്ചയോളം വേണ്ടി വരുമെന്നാണ് വിവരം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 117 കോടി രൂപ ചെലവഴിച്ചാണ് മെഷീൻ സ്ഥാപിച്ചത്. പി.ആർ ഇമേജ് ലഭിക്കുന്ന സംവിധാനത്തിനായി ആലപ്പുഴ നഗരസഭ 16 ലക്ഷവും മുടക്കി. സംവിധാനങ്ങളെല്ലാം ഒരുക്കി കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയിട്ടും സ്കാനിംഗ് വൈകുന്നതിൽ സാധാരണക്കാർ‌ നിരാശരാണ്.

അൾട്രാസൗണ്ട് സ്കാൻ

പരിഗണനയിൽ

മാമോഗ്രാം പരിശോധന നടത്തുന്നവർക്ക് അൾട്രാസൗണ്ട് സ്കാൻ കൂടി നടത്തുന്ന തരത്തിലാണ് ആശുപത്രിയിൽ ക്രമീകരണങ്ങൾ ആലോചിക്കുന്നത്. നാൽപ്പത് വയസിന് മുതലുള്ളവർക്ക് സ്വന്തം താത്പര്യ പ്രകാരം പരിശോധന നടത്താം. അതിൽ താഴെ പ്രായമുള്ളവർക്ക് ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. മാമോഗ്രാം ഇമേജ് ലഭിച്ച ശേഷം ബുധനാഴ്ചകളിൽ അൾട്രാ സൗണ്ട് കൂടി നടത്തും. 15 മിനിട്ടിനുള്ളിൽ മാമോഗ്രാം പരിശോധനാ ഫലം ലഭ്യമാകും. നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.സർക്കാർ ആശുപത്രിയിലെ എ.പി.എൽ, ബി.പി.എൽ നിരക്കാകും ജനറൽ ആശുപത്രിയിലും ഈടാക്കുക. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാമോഗ്രാം പരിശോധന മുടങ്ങിയിട്ട് മൂന്ന് വർഷം പിന്നിട്ട സാഹചര്യത്തിൽ, ജനറൽ ആശുപത്രിയിൽ മാമോഗ്രാം വരുന്നത് വളരെ പ്രതീക്ഷയോടെയാണ് സ്ത്രീകൾ ഉറ്റുനോക്കിയിരുന്നത്.

സ്വകാര്യ ആശുപത്രിയിൽ ഇരുവശത്തെയും മാമോഗ്രാം പരിശോധനയ്ക്ക് രണ്ടായിരം രൂപയോളം ചെലവ് വരും. ജനറൽ ആശുപത്രിയിൽ മെഷീൻ സ്ഥാപിച്ച വിവരമറിഞ്ഞാണ് എത്തിയത്. എന്നാൽ, പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്

-ലക്ഷ്മിപ്രിയ, ആലപ്പുഴ