വ്യാജമദ്യ സംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് സംഘത്തെ തടഞ്ഞതായി പരാതി
കായംകുളം: കായംകുളം പത്തിയൂരിൽ വ്യാജമദ്യ സംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് സംഘത്തെ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
എക്സൈസ് ഉദ്യോഗസ്ഥനും ബി.ജെ.പി പ്രാദേശിക നേതാവിനും പരിക്കേറ്റു.
ബി.ജെ.പി കായംകുളം മണ്ഡലം സെക്രട്ടറി ബിനു വടശ്ശേരിക്കാണ് മർദ്ദേനമേറ്റത്. ഇദ്ദേഹത്തെയും കുഴഞ്ഞുവീണ എക്സൈസ് ഉദ്യോഗസ്ഥൻ നന്ദഗോപാലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുവടശ്ശേരിൽ ഭാര്യ പത്തിയൂർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ മോളി വടശ്ശേരിൽ പൊലീസിൽ പരാതി നൽകി.
ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.
ബിനു നടത്തുന്ന ഹോളോ ബ്രിക്‌സ് കമ്പനിയോട് ചേർന്നുള്ള വീട്ടിൽ നിന്ന് നിരവധി വ്യാജമദ്യ കേസിലെ പ്രതിയായ പത്തിയൂർ കോട്ടൂർ വടക്കത്തിൽ ശശിയെ എക്സൈസ് സംഘം പിടികൂടിയിരുന്നു. പ്രതിയെ കൊണ്ടുപോകാനായി ഇറക്കിയപ്പോൾ ബിനുവിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘത്തെ ആക്രമിക്കുകയായിരുന്നു.
ബി.ജെ.പി കായംകുളം മണ്ഡലം സെക്രട്ടറി ബിനു വടശ്ശേരിയെ കായംകുളം എക്സൈസ് ക്രൂരമായി ഉപദ്രവിച്ചതായി ബി.ജെ.പി ആരോപിച്ചു. ആക്രമണത്തിൽ ബിനുവിന് ഗുരുതരമായി പരിക്കേറ്റു. ബിനുവിന്റെ ഉടമസ്ഥതയിലുള്ള വീടിന് സമീപത്തെ വടശ്ശേരി ബ്രിക്സ് എന്ന സ്ഥാപനത്തിൽ വ്യാജ മദ്യം കൊണ്ടുവയ്ക്കാൻ ശ്രമിച്ച എക്സൈസ് സംഘത്തെ കൈയോടെ പിടികൂടുകയും പ്രതിരോധിക്കുകയും ചെയ്തായി മണ്ഡലം ഭാരവാഹികൾ പറഞ്ഞു.
പത്തിയൂരിലെ ഒരു പ്രമുഖ സി.പി.എം നേതാവിന്റെയും ഒത്താശ ചെയ്തു കൊടുക്കുന്ന ചിലരുടെയും ഗൂഢാലോചനയുടെ ഫലമാണ് സംഭവമെന്നും അവർ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി.