ചൂളം വിളിച്ചെത്തും ഡബിൾ ഡക്കർ

Monday 14 April 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ‌ഡബിൾ ഡക്കർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. പാലക്കാട്ടേക്കാണ് ആദ്യ വരവ്.

തമിഴ് നാട്ടിൽ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളിൽ ഒന്ന് പാലക്കാട്ടേക്ക് നീട്ടാനാണ് ആലോചന. ബംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന ഉദയ് എക്സ്‌പ്രസാണ് ഒന്ന്. മധുരയിൽ നിന്ന് ദിണ്ടിഗൽ വഴി പൊള്ളാച്ചിക്കു വരുന്നതാണ് മറ്റൊന്ന്. പൊള്ളാച്ചി ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനാണ്

പ്രഥമ പരിഗണന. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് കോയമ്പത്തൂർ-പാലക്കാട് റൂട്ടിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു.

രണ്ട് ഡബിൾ ഡക്കർ ബോഗി ഉൾപ്പെടെ നാല് ബോഗിയാണ് പരീക്ഷണയോട്ടത്തിലുണ്ടായിരുന്നത്.

മധുരയിൽ നിന്നു തിരുവനന്തപുരത്തക്ക് ഡബിൾ ഡക്കർ സർവീസ് നടത്താനുള്ള സാദ്ധ്യത ദക്ഷിണ റെയിൽവേ പരിശോധിച്ചിരുന്നു. നാഗർകോവിൽ മുതൽ തിരുവനന്തപുരം വരെ ഇരട്ടപാതയില്ലാത്തതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നു. ദക്ഷിണേന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഡബിൾ ഡക്കർ സർവീസ് ഇല്ലാത്തത്. തമിഴ്നാട്ടിൽ മൂന്ന് ട്രെയിനുകളുണ്ട്.

പാലങ്ങൾ തടസം

സംസ്ഥാനത്ത് ഡബിൾ ഡക്കർ സർവീസിന് തടസമാകുന്നത് ട്രാക്കിനു മുകളിലൂടെയുള്ള റോഡ്പാലങ്ങളുടെ ഉയരക്കുറവാണ്. വള്ളത്തോൾ നഗർ, ഷൊർണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ പാലങ്ങളാണ് . ഇവ പൊളിച്ചു പണിയുന്നതിന് ചെലവേറും. അതുകൊണ്ടാണ് സംസ്ഥാനത്തുടനീളം ഡബിൾ ഡക്കർ സർവീസ് പദ്ധതി റെയിൽവേ വേണ്ടെന്നുവച്ചത്.

ഒരു ബോഗിയിൽ 120 സീറ്റ്

പാലക്കാട് റൂട്ടിൽ പരീക്ഷണഓട്ടം നടത്തിയ കെ.എസ്.ആർ. ബെംഗളൂരു ഉദയ് എക്സ്പ്രസ് ആദ്യ എ.സി. ചെയർകാർ ട്രെയിനാണ്.

ഒരു ബോഗിയിൽ സീറ്റുകൾ 120

 ആകെ കോച്ചുകൾ 16

ഡബിൾ ഡക്കർ 7

നിരക്ക് മറ്റ് ട്രെയിനുകളിലെ എ.സി നിരക്ക്