നിർണായക ചോദ്യംചെയ്യലിലേക്ക് കടന്ന് എൻ.ഐ.എ, ദാവൂദ് ഇബ്രാഹിമിനും ബന്ധമോ? മറവിരോഗം നടിച്ച് തഹാവൂർ റാണ
ന്യൂഡൽഹി: മുംബയ് ഭീകരാക്രമണത്തിലെ ആസൂത്രണത്തിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടോ തുടങ്ങിയ അതിനിർണായക കാര്യങ്ങളിൽ വഴിത്തിരിവുണ്ടാക്കാൻ എൻ.ഐ.എയുടെ ഊർജ്ജിതശ്രമം. ഗൂഢാലോചനാക്കേസിൽ പാക്കിസ്ഥാൻ സ്വദേശിയായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്നലെ മൂന്നാം ദിവസവും ചോദ്യംചെയ്‌തു. പാർക്കിൻസൺസ് തുടങ്ങി 33ഓളം ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി റാണ മറവിരോഗം നടിക്കുന്നുണ്ടെന്നാണ് സൂചന. റാണയ്‌ക്ക് ക്ഷീണാവസ്ഥയുണ്ട്. ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. എന്നാൽ മാനസികമായി ഒരു പ്രശ്‌നവുമില്ലെന്നാണ് എൻ.ഐ.എ വൃത്തങ്ങൾ പറയുന്നത്. മൂന്നുമണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്‌ത ശേഷം കുറച്ചുനേരം വിശ്രമം നൽകുന്നുണ്ട്. എൻ.ഐ.എ ആസ്ഥാനത്തെ അതീവ സുരക്ഷാ ലോക്കപ്പിലാണ് റാണയെ പാർപ്പിച്ചിരിക്കുന്നത്. മേഖലയിൽ കേന്ദ്രസേനയെ അടക്കം വിന്യസിച്ചിരിക്കുകയാണ്.
നിർണായക വിവരങ്ങൾ അറിയണം
1. ദുബായിയിൽ ആസൂത്രണം നടന്നോ? ആരെയാണ് റാണ ദുബായിയിൽ കണ്ടത്?
2. ആസൂത്രണത്തിന്റെ ഭാഗമായി ഇന്ത്യയിൽ എവിടെയെല്ലാം പോയി?
3. ഏതെല്ലാം രാജ്യങ്ങളിൽ ഗൂഢാലോചന നടന്നു ?
4. പാക്കിസ്ഥാൻ ചാരസംഘടന ഐ.എസ്.ഐയുടെയും പാക് ഭീകരസംഘടനകളുടെയും പങ്കെന്ത് ?
5. ലഷ്കറെ ത്വയ്ബയ്‌ക്കും പാക് സേനയ്‌ക്കുമുള്ള ബന്ധം ?
6. റാണ നടത്തിയ ഇമെയിൽ ആശയവിനിമയങ്ങൾ
7. ബാല്യകാല സുഹൃത്ത് കൂടിയായ കൂട്ടുപ്രതി ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി നടത്തിയ ആശയവിനിമയം
മൂന്നു കാര്യങ്ങൾ ആവശ്യപ്പെട്ടു
റാണ അഞ്ചു നേരം സെല്ലിനുള്ളിൽ നിസ്‌ക്കരിക്കുന്നുണ്ട്. ഖുറാൻ,പേന,പേപ്പർ എന്നിവയാണ് എൻ.ഐ.എ ഉദ്യോഗസ്ഥരോട് റാണ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥരത് നൽകുകയും ചെയ്‌തു.
ഇന്ത്യൻ അതിർത്തിയും കടന്നുള്ള ആസൂത്രണം
തഹാവൂർ റാണയെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടുകൊണ്ട് വെള്ളിയാഴ്ച പുലർച്ചെ ഇറക്കിയ ഉത്തരവിൽ, ഇന്ത്യൻ അതിർത്തിയും കടന്നുള്ള ആസൂത്രണമാണ് നടന്നിരിക്കുന്നതെന്ന് ഡൽഹി പട്യാല ഹൗസ് കോടതി ചൂണ്ടിക്കാട്ടി. രേഖകളിൽ അക്കാര്യം വ്യക്തമാണ്. ഗൂഢാലോചനയുടെ ചുരുളഴിക്കാനാണ് കസ്റ്റഡി നൽകുന്നതെന്നും കൂട്ടിച്ചേർത്തു.