ആചാര ലംഘനം: തിരുപ്പതിയിൽ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ ആചാര ലംഘനമുണ്ടായതിനെ തുടർന്ന് അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് തിരുമല ദേവസ്വം. ഭക്തർ ചെരുപ്പിട്ട് ക്ഷേത്രത്തിന്റെ മുഖ്യകവാടം വരെ എത്തിയതിനാലാണിത്. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ആന്ധ്രാ പൊലീസിനോട് ദേവസ്വം ആവശ്യപ്പെട്ടു. ഭക്തർ ചെരുപ്പിട്ട് ക്ഷേത്രത്തിൽ നിൽക്കുന്നതിന്റെ വീഡിയോ ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രധാനകവാടത്തിന് പുറത്ത് മൂന്ന് പുരുഷൻമാർ നിൽക്കുന്നതും സുരക്ഷാജീവനക്കാർ നിർബന്ധിച്ച് ചെരുപ്പ് അഴിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വൈകുണ്ഠം ക്യൂ കോപ്ലക്സും മൂന്നു ചെക്ക് പോയിന്റുകളും മറികടന്നാണ് തുണികൊണ്ടുള്ള ചെരിപ്പ് ധരിച്ച ഭക്തർ മുഖ്യ കവാടത്തിനടുത്തെത്തിയത്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്നും സാധാരണയായി ഭക്തർ ക്ഷേത്രത്തിന്റെ ആദ്യ കവാടത്തിൽ തന്നെ ചെരുപ്പഴിച്ച് വച്ച ശേഷമാണ് അകത്തേക്ക് കടക്കേണ്ടതെന്നും ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുന്നു. ഭക്തർ ചെരുപ്പിട്ട് അകത്ത് കടക്കാനിടയായ സംഭവത്തെ മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഗൻ റെഡ്ഡി അപലപിച്ചു. കഴിഞ്ഞ സെപ്തംബറിൽ തിരുപ്പതി ക്ഷേത്രത്തിൽ നിന്നും വിതരണം ചെയ്ത ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കലർന്ന നെയ്യ് ചേർത്ത് ലഡ്ഡുവുണ്ടാക്കിയതായി കണ്ടെത്തിയത് വൻ വിവാദമായിരുന്നു.