ചരിത്ര ദൗത്യത്തിന് ബ്ലൂ ഒറിജിൻ: ബഹിരാകാശത്തേക്ക് 'ലേഡീസ് ഒൺലി" യാത്ര

Monday 14 April 2025 7:07 AM IST

വാഷിംഗ്ടൺ: പോപ് ഗായിക കേറ്റി പെറി അടക്കം ആറ് വനിതകളുമായി ബ്ലൂ ഒറിജിൻ കമ്പനിയുടെ ചരിത്ര ബഹിരാകാശ വിനോദ യാത്ര ഇന്ന്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ് മിഷനിലെ 11 -ാം ദൗത്യത്തിന്റെ ഭാഗമായ യാത്ര ഇന്ന് ഇന്ത്യൻ സമയം രാത്രി 7നാണ് നിശ്ചയിച്ചിട്ടുള്ളത്.

1963ൽ വാലന്റീന തെരഷ്കോവ ബഹിരാകാശത്ത് ഒറ്റയ്ക്ക് സഞ്ചരിച്ചതിന് ശേഷം സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ആദ്യ ബഹിരാകാശ ദൗത്യമാണിത്. നാസ മുൻ റോക്കറ്റ് ശാസ്ത്രജ്ഞ ഐഷ ബോവ്, ആക്ടിവിസ്റ്റ് അമാൻഡ എൻഗുയെൻ, ടെലിവിഷൻ അവതാരക ഗെയ്ൽ കിംഗ്, സിനിമ നിർമ്മാതാവ് കെറിയാൻ ഫ്ലിൻ, ജെഫ് ബെസോസിന്റെ പ്രതിശ്രുത വധുവും മാദ്ധ്യമ പ്രവർത്തകയുമായ ലോറൻ സാഞ്ചസ് എന്നിവരാണ് മറ്റ് സഞ്ചാരികൾ.

വെസ്റ്റ് ടെക്സസിലെ ബ്ലൂ ഒറിജിൻ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. ഭൗമാന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന കാർമൻ രേഖ മറികടന്ന ശേഷം പേടകം പതിനൊന്ന് മിനിറ്റ് കൊണ്ട് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങും.

സാങ്കേതികപരമായി ബ്ലൂ ഒറിജിൻ പേടകം ബഹിരാകാശ പരിധിയിലേക്ക് പ്രവേശിക്കുമെങ്കിലും ദൗത്യത്തിലെ അംഗങ്ങളെ 'ബഹിരാകാശ യാത്രികർ (ആസ്ട്രനോട്ട്) " എന്ന് വിശേഷിപ്പിക്കാറില്ല. 'ബഹിരാകാശ ടൂറിസ്റ്റ്" എന്നാണ് പൊതുവേ ഇവർ അറിയപ്പെടുക. ഇതുവരെ ബെസോസ് അടക്കം 52 പേരാണ് ബ്ലൂ ഒറിജിൻ ദൗത്യങ്ങളിലൂടെ ബഹിരാകാശത്തെത്തിയത്.