ഗാസയിൽ ആശുപത്രി തകർത്ത് ഇസ്രയേൽ
ടെൽ അവീവ്: ഗാസ സിറ്റിയിലെ അൽ-അഹ്‌ലി ആശുപത്രിയ്ക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഗാസ സിറ്റിയിൽ പൂർണമായും പ്രവർത്തിച്ചിരുന്ന ഏക ആശുപത്രിയായിരുന്നു ഇത്. ആക്രമണത്തിൽ ആശുപത്രിയുടെ സർജറി ബിൽഡിംഗും അത്യാഹിത വിഭാഗത്തിനായുള്ള ഓക്സിജൻ ജനറേഷൻ സ്റ്റേഷനും തകർന്നു. ആക്രമണത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. എന്നാൽ, ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അടിയന്തര ചികിത്സ ലഭ്യമാകാതെ ഒരു കുട്ടി മരിച്ചു.
അതേ സമയം, ആശുപത്രിയെ ഹമാസ് അവരുടെ കമാൻഡ് സെന്ററായി ഉപയോഗിച്ചു വരികയായിരുന്നെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ആക്രമണത്തിന് മുന്നേ മുന്നറിയിപ്പ് നൽകിയെന്നും സൈന്യം അവകാശപ്പെട്ടു. ഇതിനിടെ, ഇന്നലെ മദ്ധ്യ ഗാസയിലെ ദെയ്‌ർ അൽ - ബലാഹിൽ മുനിസിപ്പാലിറ്റി കെട്ടിടത്തിലുണ്ടായ ബോംബാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഇതും ഹമാസിന്റെ കമാൻഡ് സെന്ററായിരുന്നെന്നാണ് ഇസ്രയേൽ ആവർത്തിച്ചത്. ഇന്നലെ പുലർച്ചെ മുതൽ ഗാസയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 32 പാലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. ആകെ മരണം 50,900 കടന്നു.