മുന്നറിയിപ്പുമായി യു.എസ് --- വിദേശികൾ രജിസ്‌റ്റർ ചെയ്‌തില്ലെങ്കിൽ നടപടി
വാഷിംഗ്ടൺ: 30 ദിവസത്തിൽ കൂടുതലായി രാജ്യത്ത് തങ്ങുന്നതോ അല്ലെങ്കിൽ രാജ്യത്തേക്ക് പുതുതായി പ്രവേശിക്കുന്നതോ ആയ എല്ലാ വിദേശ പൗരന്മാരും ഫെഡറൽ സർക്കാരുമായി രജിസ്റ്റർ ചെയ്യണമെന്ന് യു.എസ്. ഏലിയൻ രജിസ്ട്രേഷൻ ആക്ടിന് കീഴിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. വീഴ്‌ച സംഭവിച്ചാൽ പിഴയും ജയിൽശിക്ഷയും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. കുട്ടികളും രജിസ്ട്രേഷന് വിധേയമാകണം. രജിസ്ട്രേഷൻ രേഖകളില്ലാതെ,ഏപ്രിൽ 11നോ ശേഷമോ യു.എസിൽ പ്രവേശിച്ചവർ 30 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
അനധികൃത കുടിയേറ്റത്തിന് തടയിടാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതികളുടെ ഭാഗമായാണ് നീക്കം. അതേസമയം,എച്ച് - 1 ബി,സ്റ്റുഡന്റ് വിസയുള്ളവർക്ക് നിർദ്ദേശം ബാധകമല്ല. എന്നാൽ, ജോലി നഷ്ടപ്പെട്ട എച്ച് - 1 ബി വിസക്കാരെ ബാധിക്കും.
ഇവർ നിശ്ചിത സമയത്തിനുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ നടപടി നേരിടേണ്ടി വരും. പുതിയ നിയമ പ്രകാരം, വിസയുള്ളതോ നിയമപരമായി സ്ഥിര താമസക്കാരായതോ ആയ എല്ലാ വിദേശികളും എപ്പോഴും രജിസ്ട്രേഷൻ രേഖകൾ കൈവശം വച്ചിരിക്കണം.
അതേസമയം, വിദേശികളുടെ സാന്നിദ്ധ്യത്തെ കുറിച്ച് വ്യക്തമായ ധാരണയ്ക്കാണ് രജിസ്ട്രേഷൻ എന്നും അയോഗ്യരാണെന്ന് കണ്ടാൽ ഇവരെ നാടുകടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.