താറാവ് റോസ്‌റ്റെന്ന പേരിൽ പ്രാവ്, ചൈനീസ് റെസ്‌റ്റോറന്റ് പൂട്ടിച്ചു
മാഡ്രിഡ്: കസ്‌റ്റമേഴ്സിന് താറാവെന്ന പേരിൽ പ്രാവിന്റെ ഇറച്ചി വിളമ്പിയിരുന്ന ചൈനീസ് റെസ്റ്റോറന്റ് പൂട്ടിച്ച് സ്പാനിഷ് അധികൃതർ. മാർച്ചിൽ മാഡ്രിഡിലായിരുന്നു സംഭവം. പൊലീസ് നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ജിൻ ഗു എന്ന റെസ്റ്റോറന്റിന് പിടിവീണത്. റെസ്റ്റോറന്റിലെ പ്രധാന ഐറ്റങ്ങളിലൊന്നായിരുന്നു താറാവ് റോസ്റ്റ്. എന്നാൽ മാസങ്ങളായി, ഓർഡർ നൽകുന്നവർക്ക് താറാവെന്ന പേരിൽ നൽകിയിരുന്നത് പ്രാവിനെ ആണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രാവുകളെ റെസ്റ്റോറന്റ് ജീവനക്കാർ തെരുവിൽ നിന്ന് പിടികൂടുകയായിരുന്നു. ഇവിടെ വളരെ വൃത്തിഹീനമായ ഇടത്താണ് ഇറച്ചി അടക്കം സൂക്ഷിച്ചിരുന്നത്. ചില സാധനങ്ങൾ ടോയ്ലറ്റിലാണ് സൂക്ഷിച്ചിരുന്നതെന്നും അടുക്കളയിൽ എലിക്കുള്ള കെണികളുണ്ടായിരുന്നെന്നും അധികൃതർ പറയുന്നു. ഒരു ഷെൽഫ് നീക്കിയപ്പോൾ പാറ്റകൾ നിറഞ്ഞ ഒരു മുറിയാണ് ഉദ്യോഗസ്ഥർ കണ്ടത്. അടുക്കള ഭാഗത്ത് സഹിക്കാനാകാത്ത ദുർഗന്ധമായിരുന്നെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കടൽവെള്ളരി പോലുള്ള നിരോധിത ഭക്ഷ്യവസ്തുക്കളും ഇവിടെയുണ്ടായിരുന്നു. മതിയായ രേഖകളും റെസ്റ്റോറന്റിനുണ്ടായിരുന്നില്ല. റെസ്റ്റോറന്റിന്റെ ഉടമകൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.