ഗായിക പെറി ഉള്‍പ്പെടെ ആറ് പേരും വനിതകള്‍; ബഹിരാകാശത്തേക്ക് ലേഡീസ് ഒണ്‍ലി ട്രിപ്പ് ചരിത്ര വിജയം

Monday 14 April 2025 11:03 PM IST

ടെക്‌സാസ്: വനിതകള്‍ മാത്രം ഉള്‍പ്പെടുന്ന സംഘവുമായി നടത്തിയ ബഹിരാകാശ ദൗത്യം ചരിത്ര വിജയമായി മാറി. ഗായിക കാറ്റി പെറി ഉള്‍പ്പെടെയുള്ള ആറ് വനിതകളുമായിട്ടാണ് ബ്ലൂ ഒറിജിന്റെ എന്‍എസ് 31 ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയത്. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കര്‍മാന്‍ രേഖയിലൂടെ സഞ്ചരിച്ച് പേടകം ഭൂമിയില്‍ തിരിച്ചെത്തി. പത്ത് മിനിറ്റോളമാണ് ദൗത്യം നീണ്ടുനിന്നത്.

ഒന്നിലധികം അംഗങ്ങള്‍ പങ്കെടുക്കുകയും അവരെല്ലാം വനിതകളായിരിക്കുകയും ചെയ്യുകയെന്ന സവിശേഷതയിലായിരിക്കും ബ്ലൂ ഒറിജിന്‍ 31 അറിയപ്പെടുക. അമേരിക്കന്‍ മാദ്ധ്യമ പ്രവര്‍ത്തക ഗെയില്‍ കിംങ്, നാസയിലെ മുന്‍ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ ന്യൂയെന്‍, ചലച്ചിത്ര നിര്‍മാതാവ് കരിന്‍ ഫ്‌ളിന്‍, മാദ്ധ്യമ പ്രവര്‍ത്തക ലോറന്‍ സാഞ്ചസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനിയായ'ബ്ലൂ ഒറിജിന്‍' ആണ് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ടെക്‌സാസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തില്‍നിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു പേടകം വിക്ഷേപിച്ചത്. ഭൂമിയില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള സബ് ഓര്‍ബിറ്റല്‍ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്. തന്റെ യാത്ര മറ്റുള്ളവര്‍ക്കും തന്റെ മകള്‍ക്കും പ്രചോദനമാകട്ടെ എന്ന് കാറ്റി പെറി പ്രതികരിച്ചു. പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല തന്റെ ബഹിരാകാശ യാത്രയെന്ന് ലോറന്‍ സാഞ്ചെസ് പറഞ്ഞു.