'അങ്ങനെ ചെയ്തിരുന്നെങ്കിൽ മുസ്ളീങ്ങൾക്ക് പഞ്ചർ ഒട്ടിക്കേണ്ടി വരില്ലായിരുന്നു'; മോദിയുടെ പരാമർശത്തിൽ രൂക്ഷവിമർശനം

Tuesday 15 April 2025 12:56 PM IST

ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കിൽ മുസ്ളീം യുവാക്കൾക്ക് ജീവിക്കാൻ പഞ്ചർ ഒട്ടിക്കേണ്ടി വരില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ രൂക്ഷവിമ‌ർശനവുമായി പ്രതിപക്ഷ പാർട്ടികൾ. ഹരിയാനയിൽ ഒരു വിമാനത്താവളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'വഖഫ് സ്വത്തുക്കൾ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കിൽ മുസ്ളീം യുവാക്കൾക്ക് ഉപജീവനത്തിനായി സൈക്കിൾ പഞ്ചറുകൾ ഒട്ടിക്കേണ്ടി വരില്ലായിരുന്നു. ഈ സ്വത്തുക്കളിൽ നിന്ന് നേട്ടം കൊയ്തത് ഭൂമാഫിയ ആണ്. ദളിത്, പിന്നാക്ക വിഭാഗങ്ങൾ, വിധവകൾ എന്നിവരുടെ ഭൂമികൾ തട്ടിയെടുക്കുകയാണ് ഈ മാഫിയ ചെയ്തത്. വഖഫ് ബോർഡിന് കീഴിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമി ഉണ്ട്. എന്നാൽ ഈ ഭൂമികളും സ്വത്തുക്കളും പാവപ്പെട്ടവരെയും ആവശ്യക്കാരെയും സഹായിക്കാൻ ശരിയായ രീതിയിൽ ഉപയോഗിച്ചിട്ടില്ല.

വഖഫ് നിയമത്തിലൂടെ സാമൂഹിക നീതിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ഭേദഗതികൾ വരുത്തി വഖഫ് നിയമത്തിൽ പുതിയ മാറ്റമുണ്ടായതോടെ ഭൂമി കൊള്ളയും അവസാനിക്കും. ദരിദ്രരെ കൊള്ളയടിക്കുന്നതും അവസാനിക്കും. പുതിയ വഖഫ് നിയമപ്രകാരം ഒരു ആദിവാസിയുടെ ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് തൊടാൻ കഴിയില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതി'- എന്നായിരുന്നു മോദി പ്രസംഗിച്ചത്.

മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസാദുദ്ദീൻ ഒവൈസി. ആർഎസ്‌എസ് തങ്ങളുടെ ആശയങ്ങൾ രാജ്യ താത്‌പര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വിൽക്കേണ്ടി വരില്ലായിരുന്നുവെന്നാണ് ഒവൈസി തിരിച്ചടിച്ചത്. 11 വർഷം അധികാരത്തിലിരുന്നപ്പോൾ പാവപ്പെട്ട ഹിന്ദുക്കൾക്കും മുസ്ളീങ്ങൾക്കും വേണ്ടി മോദി സർക്കാർ എന്തുചെയ്തുവെന്നും ഒവൈസി ചോദിച്ചു.

കോൺഗ്രസിന്റെ രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്‌ഗാർഹിയും മോദിക്കെതിരെ രംഗത്തെത്തി. 'മുസ്ളീങ്ങൾ പഞ്ചർ നന്നാക്കുന്നുവെന്നത് ട്രോളുകളിൽ ഉപയോഗിക്കുന്ന ഭാഷയാണ്. ഒരു പ്രധാനമന്ത്രി ഇത്തരം ഭാഷ ഉപയോഗിക്കാൻ പാടില്ല. നിങ്ങൾ യുവാക്കളെയും ഇതിലേയ്ക്ക് വലിച്ചിഴച്ചു. ഇവിടെ തൊഴിൽ ഇല്ല. പഞ്ചർ നന്നാക്കുക മാത്രമാണ് ഏക ആശ്രയം. മുസ്ളീങ്ങൾ പഞ്ചർ നന്നാക്കുക മാത്രമല്ല ചെയ്യുന്നത്, മുസ്ളീങ്ങൾ എന്തൊക്കെ ചെയ്തുവെന്ന് എനിക്ക് എണ്ണിപ്പറയാനാകും'- എന്നായിരുന്നു എംപിയുടെ പ്രതികരണം.

കോൺഗ്രസിനെയും പ്രധാനമന്ത്രി കഴിഞ്ഞദിവസം പ്രസംഗത്തിനിടെ വിമർശിച്ചിരുന്നു. 'ഡോ. അംബേദ്കർ ഭരണഘടനയുടെ സംരക്ഷകനായിരുന്നു. പക്ഷേ കോൺഗ്രസ് ഭരണഘടനയെ തകർക്കുകയാണ് ചെയ്തത്. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വെെറസ് പ്രചരിപ്പിക്കുന്നു.'- എന്നായിരുന്നു മോദി പറഞ്ഞത്.