താറാവുകളിൽ വിടാതെ രോഗബാധ....... പ്രതിസന്ധിയിൽ മുങ്ങിയും പൊങ്ങിയും കർഷകർ
കോട്ടയം : പക്ഷിപ്പനി ഭീതിയും, പക്ഷിവളർത്തൽ നിരോധനവും നീങ്ങി ഈസ്റ്ററിനെ പ്രതീക്ഷയോടെ കാത്തിരുന്ന കർഷകർക്ക് തിരിച്ചടിയായി താറാവുകളിൽ രോഗബാധ. പ്ളേഗ്, പാസ്റ്റർലാ രോഗങ്ങളാണ് പടർന്നുപിടിക്കുന്നത്. താറാവിന്
ആദ്യത്തെ മാസത്തിൽ കൊടുക്കുന്ന പ്ലേഗ് വാക്‌സിനും, തുടർന്ന് 15 ദിവസത്തിനുള്ളിൽ നൽകുന്ന പാസ്റ്റർലാ വാക്സിൻ ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. തിരുവനന്തപുരം പാലോട് വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സിനാണ് താറാവുകൾക്ക് നൽകേണ്ടത്. ഇവിടെ നിന്ന് മൃഗസംരക്ഷണ വകുപ്പിന് വാക്സിൻ ലഭിക്കാത്തതാണ് രോഗബാധിത പ്രദേശങ്ങളിൽ വാക്സിനേഷൻ തടസപ്പെടാനിടയാക്കുന്നതെന്ന് കർഷകർ പറഞ്ഞു.
2025 മാർച്ച് വരെ താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും പക്ഷിപ്പനി റിപ്പോർട്ടു ചെയ്യാത്തതിനാൽ ഡിസംബർ 31 ന് നിരോധനം അവസാനിപ്പിച്ചിരുന്നു. തമിഴ് നാട്ടിൽ നിന്ന് മുട്ട വാങ്ങി വിരിയിച്ച് താറാവിൻ കുഞ്ഞുങ്ങൾ വളരാനുള്ള സമയം ലഭിക്കാതെ പോയതോടെയാണ് ഈസ്റ്റർ കച്ചവടവും തിരിച്ചടിയായി.
നഷ്ടപരിഹാരം വെട്ടിക്കുറച്ചു
താറാവ് രോഗബാധയ്ക്കും , പക്ഷിപ്പനിക്കുമുള്ള നഷ്ടപരിഹാരവും 12ശതമാനം വെട്ടിക്കുറച്ചതും വിനയായി. കുമരകം, തിരുവാർപ്പ്, ചങ്ങനാശേരി, വെച്ചൂർ, വൈക്കം മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു.
പൊതുമാർക്കറ്റിൽ പൂർണ്ണ വളർച്ചയെത്തിയ ഒരു താറാവിന് 500 750 രൂപ വരെ വിലയുള്ളപ്പോൾ കള്ളിംഗിനിരയായ താറാവുകളിൽ 60 ദിവസത്തിൽ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും, അതു കഴിഞ്ഞവയ്ക്ക് 200 മാണ് നഷ്ടപരിഹാരമായി നൽകുന്നത്. താറാവ് കുഞ്ഞുങ്ങൾക്കും തീറ്റയ്ക്കും ക്രമാതീതമായി വില വർദ്ധിച്ചിട്ടും 2014 ലെ നിരക്കിലാണ് ഇപ്പോഴും നഷ്ടപരിഹാരം നൽകുന്നത്.
വൻ സാമ്പത്തിക ബാദ്ധ്യത
ദിവസങ്ങളോളം തീറ്റയെടുക്കാതെ തൂങ്ങിനിൽക്കുന്ന താറാവുകൾ ഒന്നോ രണ്ടോ ദിവസത്തിനകം ചത്തുപോകുകയാണ് ചെയ്യുന്നത്
പക്ഷിപ്പനിയുടെ നിയന്ത്രണങ്ങൾ ഒഴിഞ്ഞതിന് പിന്നാലെ വീണ്ടും നിരോധനമുണ്ടായാൽ അത് താറാവ് കർഷകരെ വൻകടക്കെണിയിലേക്കും നയിക്കുന്ന സാഹചര്യമാണ്
നിയന്ത്രണം നീങ്ങിയതോടെ ധാരാളം കർഷകർ താറാവ് വളർത്തൽ പുനരാരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് രോഗബാധ. വീണ്ടും നിയന്ത്രണമുണ്ടാകുമോയെന്നാണ് ആശങ്ക.
''
ഇപ്പോൾ 40 രൂപയ്ക്ക് മുകളിലാണ് താറാവ് കുഞ്ഞിന്റെ വില. 10 വർഷം മുൻപ് 50കിലോയുടെ ഒരു ചാക്ക് തീറ്റ വില 1000രൂപയായിരുന്നു. ഇപ്പോൾ 245. തീറ്റയ്ക്കും വാക്‌സിനും വില കൂടി. അതിനാൽ നഷ്ടപരിഹാരത്തുക ഉയർത്തണം.
എസ്.കെ. നസീർ (ജനറൽ സെക്രട്ടറി ഓൾ കേരള പൗൾട്രി ഫെഡറേഷൻ)