ശബ്ദത്തിന്റെ സൗകുമാര്യം

Wednesday 16 April 2025 3:17 AM IST

'ടീച്ചറിന്റെ ക്ലാസിലിരിക്കാൻ എന്തു രസമാ... ആ സംസാരം കേട്ടാൽ ക്ലാസ് അവസാനിക്കല്ലേ എന്നുതോന്നും..."

'അദ്ദേഹത്തിന്റെ പ്രസംഗത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല; എന്തൊരു വാക്‌ധോരണി!" 'സംഗീതം പോലെ സുന്ദരമാണ് അയാളുടെ സംസാരരീതി,​ എത്ര കേട്ടാലും മടുക്കില്ല."

ശബ്ദവിന്യാസത്തിന്റെ വിവിധ പ്രയോഗതലങ്ങളെപ്പറ്റി ഇങ്ങനെയുള്ള പരാമർശങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. നല്ല ശബ്ദത്തിന്റെ മേന്മ വിളിച്ചോതുന്ന വിശേഷങ്ങളാണിതൊക്കെ. ആക്രമിക്കാൻ വരുന്നവരെ നിരായുധരാക്കി വിടാൻ നല്ല വാക്കുകൾക്കും അവയുടെ വിന്യാസത്തിനും കഴിയും. സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നതാണ് മൃദുഭാഷണവും സൗമ്യവാക്കുകളുടെ പ്രയോഗരീതികളുമെന്ന് ഷേക്‌സ്പിയർ കൃതികളിലും മഹാഭാരതത്തിലും പരാമർശമുണ്ട്. കാളിദാസ ശാകുന്തളത്തിലെ പ്രിയംവദയുടെ പ്രത്യേകത,​ പ്രിയമോലുന്ന വാക്കുകൾ ഉതിർക്കുന്നവൾ എന്നതാണ്!

ആധുനികകാലത്ത് കിസിഞ്ജറെപ്പോലെയുള്ള,​ നയതന്ത്ര സംഭാഷണങ്ങളിലെ വിജയികളെല്ലാം ആകർഷകമായ രീതിയിൽ സംസാരിച്ചിരുന്നവരാണെന്ന് നിരീക്ഷണമുണ്ടായിട്ടുണ്ട്. സംസാരത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ ലോകം 1999 മുതൽ എല്ലാ ഏപ്രിൽ 16-ഉം ലോക ശബ്ദദിനമായി ആചരിക്കുകയാണ്. 1999-ൽ ബ്രസീലിയൻ ദേശീയ ശബ്ദദിനമായാണ് ഈ ആഘോഷം ആരംഭിച്ചത്. ഡോ. നെഡിയോ സ്റ്റെഫന്റെയുടെ നേതൃത്വത്തിൽ ബ്രസീലിയൻ സൊസൈറ്റി ഒഫ് ലാറിംഗോളജി ആൻഡ് വോയ്‌സ് തുടങ്ങിവച്ച ദിനാചരണം പിന്നീട് 'വേൾഡ് വോയ്‌സ് ഡേ" ആയി ലോകമെങ്ങും അംഗീകരിക്കപ്പെട്ടു.

'നല്ലവാക്കുകൾ നാലാളുടെ പ്രയോജനം ചെയ്യം" എന്ന പഴമൊഴി അന്വർത്ഥമാക്കും വിധത്തിൽ നല്ല വാക്കുകൾ നന്നായി ഉച്ചരിക്കാൻ നമുക്കു കഴിയണം. അതിന്, ജന്മസിദ്ധമായിക്കിട്ടിയ ശബ്ദത്തെ പരിപാലിക്കണം. ശൈശവംവിട്ട് ബാല്യമാകുന്നതോടെ മിക്ക വാക്കുകളും ഉച്ചരിക്കാനുള്ള ശേഷി മനുഷ്യനുണ്ടാകും. കൗമാരത്തിലേക്കു കടക്കുമ്പോൾ വാക്കുകൾ വിന്യസിക്കുന്നതിനുള്ള ശൈലി നാം സ്വായത്തമാക്കും. കാണാമറയത്തിരുന്ന് നമുക്കറിയാവുന്ന ഒരാൾ സംസാരിച്ചാൽ, അതാരാണെന്ന് നാം തിരിച്ചറിയുന്നത് അയാളുടെ അല്ലെങ്കിൽ അവളുടെ സംസാരശൈലിയുടെ പ്രത്യേകത കൊണ്ടാണ്.

ആ പ്രത്യേകത യൗവനാരംഭത്തോടെ വ്യക്തിയിൽ ഉറയ്ക്കും. പിന്നീട് അതിന് പരിക്കേൽക്കാതെ പരിപാലിക്കുക എന്നതാണ് ഇവിടെ പ്രസക്തമായ കാര്യം. നിങ്ങളുടെ ശബ്ദം- അതാണ് നിങ്ങളുടെ വ്യക്തിത്വത്തിന്റെ അടയാളം. ഏറ്റവും ആകർഷകമായ രീതിയിൽ അത് പരിപാലിക്കുക എന്നതാണ് നിങ്ങളുടെ പ്രധാന ദൗത്യം. ശബ്ദം പുറത്തേക്കു വരുന്ന തൊണ്ടയിൽ അസ്വാസ്ഥ്യങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. വരളുന്നതോ അമിതമായി സ്രവം നിറയുന്നതോ ആയ അവസ്ഥ തൊണ്ടയിൽ ഉണ്ടാകരുത്. കടുത്ത ചൂടോ അസഹ്യമായ തണുപ്പോ തൊണ്ടയിൽ തട്ടാതെ കാക്കണം. അതുപോലെ,​ ശരീരത്തിൽ നിർജലീകരണം ഉണ്ടാകരുത്. ദിവസവും ഏറ്റവും കുറഞ്ഞത് പത്തുഗ്ലാസ് വെള്ളമെങ്കിലുംകുടിച്ചാൽ ഈ പ്രശ്‌നമുണ്ടാകില്ല.

ആരോഗ്യകരമായ ജീവിതചര്യ പുലർത്തുന്നവർ പോലും വളഞ്ഞുകുത്തി ഇരിക്കാറുണ്ട്. നിവർന്നുതന്നെ ഇരിക്കണം. ശ്വാസകോശത്തിൽ വായുസഞ്ചാരം സുഗമമാകുന്നത് ശബ്ദവിന്യാസവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ലശബ്ദം പരിപാലിക്കാൻ - നാലു കാര്യങ്ങൾ പ്രാഥമികമായി ചെയ്തിരിക്കണം- ഒച്ചവയ്ക്കരുത്, അലറരുത്, മുരടനക്കരുത്, കാറിത്തുപ്പരുത്. ഈ നാലുകാര്യങ്ങളും വ്യക്തിക്ക് സ്വയം നിയന്ത്രിക്കാവുന്നതേയുള്ളൂ. നിങ്ങൾക്ക് സ്വയം അതിനു കഴിയുന്നില്ലെങ്കിൽ ഈ വിധ പെരുമാറ്റങ്ങൾക്ക് നിദാനമായത് എന്തെന്നു കണ്ടെത്തി അവയെ പ്രതിരോധിക്കാൻ ഒരു ലാറിംഗോളജിസ്റ്റിനെ കാണണം. അഞ്ചാമത് ഒരുകൂര്യംകൂടി ചെയ്താൽ നല്ല ശബ്ദം കാത്തുസൂക്ഷിക്കാം- തൊണ്ടയിൽ ശബ്ദംവച്ചുകൊണ്ട് പിറുപിറുക്കരുത്!

തുടർച്ചയായി സംസാരിച്ചാൽ, ദീർഘമായി പാടിക്കൊണ്ടിരുന്നാൽ, ഏറെനേരം ഉറക്കെ വായിച്ചാൽ നിങ്ങളുടെ ശബ്ദത്തിന്റെ മേന്മ കുറഞ്ഞുപോകും. ആയാസം തോന്നുന്ന ആദ്യനിമിഷങ്ങളിൽത്തന്നെ ശബ്ദഘോഷം അവസാനിപ്പിക്കുക. പുകവലി, പാൻചവയ്ക്കൽ, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ശബ്ദത്തിന്റെ ശോഭ കെടുത്തും. സുന്ദരശബ്ദം വരണ്ടുപോകാൻ ഇത്കാരണമാകും. ഒച്ചയടപ്പുമൂലം ശബ്ദം പുറത്തേക്കു വരാത്ത അവസ്ഥയിൽ ആയാസ പ്പെട്ട് ശബ്ദം വരുത്താൻ ശ്രമിക്കരുത്. ചെറുചൂടുവെള്ളം വായിൽക്കൊണ്ട് തൊണ്ടയിൽ തട്ടും വിധത്തിൽ വച്ചശേഷം തുപ്പിക്കളയുക.

നല്ല ശബ്ദത്തിൽ ആകർഷകമായി സംസാരിച്ചുകൊണ്ടിരുന്ന ഒരാൾക്ക് പെട്ടെന്ന് ശബ്ദം പരുക്കനായി മാറിയെന്നിരിക്കാം, ചിലപ്പോൾ വാക്കുകൾ വരണ്ടുപോയേക്കാം. അല്ലെങ്കിൽ ശബ്ദം പുറത്തേക്കുവരാത്ത അവസ്ഥ തന്നെ ഉണ്ടായെന്നിരിക്കാം. അതൊരുപക്ഷേ താൽക്കാലിക പ്രതിഭാസമാകാം, അല്ലെങ്കിൽ ഗുരുതരമായ രോഗാവസ്ഥയാകാം. കാൻസർ മുതൽ വോക്കൽകോഡ് പരാലിസിസ് വരെയുള്ള പ്രശ്‌നങ്ങൾ ശബ്ദവിന്യാസത്തിലെ ഈ പ്രതിഭാസങ്ങൾക്കു പിന്നിൽ കണ്ടേക്കാം. അങ്ങനെയുള്ള എന്തെങ്കിലും പ്രശ്‌നങ്ങൾ അലട്ടുന്നുവെങ്കിൽ നിങ്ങൾ ഒരു ഡോക്ടറെയോ (കഴിയുമെങ്കിൽ ഒരു ലാറിംഗോളജിസ്റ്റിനെ)​ കാണുക.

സ്ത്രീകളിൽ ആർത്തവത്തോടനുബന്ധിച്ച് ശബ്ദവ്യത്യാസങ്ങൾ കാണാറുണ്ട്. മിതമായി ചെറുചൂടുവെള്ളം കുടിക്കുന്നതും അധികം സംസാരിക്കാതിരിക്കുന്നതുമാണ് ഇതിനുള്ള പ്രതിവിധി. ആധുനിക കാലത്ത് നേരിട്ടുള്ള സംസാരത്തേക്കാൾ അധികം ഫോണിലൂടെയുള്ള (പ്രത്യേകിച്ച് മൊബൈൽ ഫോണിലൂടെ) 'ശബ്ദപ്രസരണ"ത്തിലാണ് നാം മുഴുകുക. ഇത് അപകടകരമായ അവസ്ഥയാണ്. മൊബൈലിലൂടെ സംസാരിക്കുമ്പോൾ ശബ്ദം താഴ്ത്തിയായാലും ഉച്ചത്തിലായാലും ആയാസം അധികം വേണ്ടിവരും. റേഞ്ചിന്റേയും ഉപയോഗിക്കുന്ന ഫോൺ സെറ്റിന്റേയും പ്രശ്‌നങ്ങൾ ഈ ആയാസം വർദ്ധിപ്പിക്കും. അതിനാൽ മൊബൈലിലൂടെയുള്ള സംഭാഷണങ്ങൾ നിയന്ത്രണത്തോടെയാവണം.

നിങ്ങളുടെ ശബ്ദത്തിന്റെ തനിമ നിലനിറുത്താനും മേന്മ വർദ്ധിപ്പിക്കാനുമുള്ള മാർഗങ്ങളാണ് ഇവിടെ ചർച്ച ചെയ്തത്. ഇക്കാര്യങ്ങളൊക്കെ ആഴത്തിൽ ഗ്രഹിച്ചാൽ നമ്മുടെ ശബ്ദദിനാചരണം അർത്ഥപൂർണമാകും. ഗ്രഹിച്ചതൊക്കെ ശീലമാക്കിയാൽ ഇക്കൊല്ലത്തെ ശബ്ദ ദിനാഘോഷത്തിന്റെ സന്ദേശമായ,​ 'നിങ്ങളുടെ ശബ്ദത്തിന്റെ മേന്മ വർദ്ധിപ്പിക്കുക' എന്ന ലക്ഷ്യത്തിലേക്ക് പ്രവേശിച്ചു എന്ന് നമുക്ക് അഭിമാനിക്കാം.

(ഇ.എൻ.ടി.വിദഗ്ദ്ധയും ലാറിംഗ്‌ഗോളജിസ്റ്റുമാണ് ലേഖിക. ഫോൺ :7559097882)