കെ.എസ്.ഇ.ബി പ്രോജക്ട് ബാങ്ക്
സംസ്ഥാനത്ത് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത നിലയിലേക്കാണ് ഓരോ വർഷം കഴിയുന്തോറും വൈദ്യുതി ചാർജ് ഉയരുന്നത്. അതിനാൽ മദ്ധ്യവർഗത്തിലുള്ളവർ ഏതു വിധേനയും സോളാർ വൈദ്യുതിയിലേക്കു മാറാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. ജലത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഭാവിയിൽ കുറഞ്ഞുവരികയും ഉയർന്ന നിരക്ക് നൽകി വെളിയിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടി വരികയും ചെയ്യുമ്പോൾ വൈദ്യുതി നിരക്ക് കുറയാനുള്ള ഒരു സാദ്ധ്യതയും മുന്നിലില്ല. അതിനാൽ സോളാർ വൈദ്യുതി ഉത്പാദനം പരമാവധി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ സഹകരണത്തോടെ വൻകിട സോളാർ പദ്ധതികൾ നടപ്പാക്കാൻ സോളാർ പ്രോജക്ട് ബാങ്കുമായി കെ.എസ്.ഇ.ബി മുന്നോട്ടു വരുന്നത് തികച്ചും സ്വാഗതാർഹമാണ്. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു ഉദ്യമം.
സൗരോർജ്ജ ഉത്‌പാദനം വൻതോതിൽ വർദ്ധിപ്പിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. ബിൽഡ്- ഓൺ- ഓപ്പറേറ്റ് മാതൃകയിലാവും പദ്ധതി നടപ്പാക്കുക. കരാർ കാലാവധി കഴിയുമ്പോൾ പദ്ധതി കെ.എസ്.ഇ.ബിക്ക് സ്വന്തമാവും. വൈദ്യുതി നിശ്ചിത നിരക്കിൽ കെ.എസ്.ഇ.ബി വാങ്ങും. വില നിർണയിക്കുന്നത് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ആയിരിക്കും. മുപ്പതു വർഷത്തേക്കാണ് കരാർ നൽകുക. ആദ്യ പത്തുവർഷം ഏക്കറിന് ഒരു രൂപ നിരക്കിലും, അടുത്ത പത്തുവർഷം 1000 രൂപ നിരക്കിലും, അവസാനത്തെ പത്തുവർഷം 2000 രൂപ നിരക്കിലും പാട്ടം ഈടാക്കും. പദ്ധതി കമ്മിഷൻ ചെയ്യുന്ന തീയതി മുതലാവും പാട്ടം കണക്കാക്കുക. ബാങ്കിൽ നിന്ന് വായ്‌പയും മറ്റും കിട്ടാനുള്ള സൗകര്യത്തിനായി കരാറെടുക്കുന്നവർക്ക് 25 വർഷത്തേക്ക് കൈവശാവകാശം ഉണ്ടായിരിക്കും.
രണ്ട് മേഖലകളിലാവും പ്രധാനമായും പദ്ധതി നടപ്പാക്കുക. കെ.എസ്.ഇ.ബിയുടെയും ജലസേചന വകുപ്പിന്റെയും അധീനതയിലുള്ള അണക്കെട്ടുകളാണ് ഒരു മേഖല. ഇവിടെ 5000 മെഗാവാട്ടാണ് സൗരോർജ്ജ ഉത്‌പാദന ശേഷി. കായലുകൾ, ഉപയോഗശൂന്യമായ നെൽപ്പാടങ്ങൾ, മണ്ണിനും ഖനനത്തിനുമായി കുഴിച്ച ജലാശയങ്ങൾ എന്നിവിടങ്ങളാണ് രണ്ടാമത്തെ മേഖല. ഇവിടെ 1500 മെഗാവാട്ട് ആണ് സൗരോർജ്ജശേഷി. വൻകിട സ്വകാര്യ ഭൂമിയും ഉടമകൾക്ക് താത്‌പര്യമുണ്ടെങ്കിൽ സോളാർ പ്രോജക്ട് ബാങ്കിന് കൈമാറാം. ടെൻഡർ വിളിച്ചോ നിക്ഷേപ സംഗമങ്ങൾ നടത്തിയോ ആണ് നിക്ഷേപകരെ ആകർഷിക്കുക. ഈ പ്രോജക്ട് നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകേണ്ട ഒരു സ്ഥിരം സംവിധാനം, മികച്ച പ്രൊഫഷണലുകളെ ഉൾപ്പെടുത്തി കെ.എസ്.ഇ.ബി രൂപീകരിക്കണം. കാര്യങ്ങൾ നടത്തുന്നതിന് സർക്കാർ വകുപ്പുകളുടെ കാലതാമസം ഇതിനെ ബാധിക്കാൻ പാടില്ല. റവന്യു, തദ്ദേശ വകുപ്പുകളുടെ ഏകോപനവും സാദ്ധ്യമാക്കണം.
പദ്ധതികൾക്ക് അപേക്ഷ സ്വീകരിക്കുക, കരാറുകാരുടെ യോഗ്യത നിർണയിക്കുക, പദ്ധതിക്ക് അനുമതി നൽകാൻ ശുപാർശ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ തികച്ചും സുതാര്യമായി വേണം നടപ്പാക്കാൻ. ഈ പദ്ധതി വിജയിച്ചാൽ കേരളത്തിന്റെ വൈദ്യുതി ക്ഷാമം വലിയൊരു പരിധി വരെ പരിഹരിക്കാനാവും. ഇതിനൊപ്പം തന്നെ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള വ്യക്തികളുടെ അപേക്ഷയിൽ കാലതാമസം കൂടാതെ അനുമതി നൽകാനുള്ള ശുഷ്കാന്തിയും കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്. സോളാറിനൊപ്പം മറ്റ് ഊർജ്ജ സ്രോതസുകളെയും ആശ്രയിക്കാനുള്ള ചെറുകിട പദ്ധതികളും സംസ്ഥാനത്തിന് ആവശ്യമാണ്. രാജ്യവും സംസ്ഥാനവും പല രീതിയിലും വികസിച്ചുകൊണ്ടിരിക്കുമ്പോൾ വരും വർഷങ്ങളിൽ ഊർജ്ജത്തിന്റെ ആവശ്യകത കൂടുകയല്ലാതെ കുറയാൻ പോകുന്നില്ല.