എസ്.എൻ.ഡി.പിയെ ഒപ്പം കൂട്ടി മൂന്നാമൂഴത്തിന് പിണറായി

Wednesday 16 April 2025 4:03 AM IST

ടുത്തവർഷം നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പിന് കേരളത്തിലെ മുന്നണികളും കക്ഷികളും രാഷ്ട്രീയ തന്ത്രങ്ങളുമായി കളത്തിലിറങ്ങി. പാർട്ടി അദ്ധ്യക്ഷനെ മാറ്റി ബി.ജെ.പിയാണ് ഇതിന് തുടക്കം കുറിച്ചത്. കോൺഗ്രസിൽ നേതൃമാറ്റത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾ മാസങ്ങളായി പ്രചരിക്കുകയാണ്. കെ.പി.സി.സി അദ്ധ്യക്ഷനായി കെ. സുധാകരന് പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാൻ നേതാക്കൾ പരസ്പരം മത്സരിക്കുകയാണ്. ഇടതു മുന്നണിയാകട്ടെ മൂന്നാമതും തുടർഭരണം നേടാനുള്ള തന്ത്രങ്ങളുമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. പാർട്ടി സമ്മേളനങ്ങൾ അവസാനിച്ച് പുതിയ ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ തിരഞ്ഞെടുത്തതോടെ ഇനിയുള്ള പാർട്ടിയുടെ ശ്രദ്ധ മുഴുവൻ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിലാണ്. ആദ്യം എത്തുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ സെപ്തംബറോടെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും. അതിനുശേഷം അടുത്ത വർഷാദ്യത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. സി.പി.എമ്മിന്റെ സുപ്രധാന ലക്ഷ്യം മൂന്നാമൂഴം ഭരണത്തിലെത്തുക എന്നതാണ്. അതിനായുള്ള പടപ്പുറപ്പാട് പാർട്ടി തുടങ്ങിക്കഴിഞ്ഞു. പാർട്ടിയിൽ നിന്നകന്ന വലിയൊരു വിഭാഗം ഈഴവ വോട്ടുകൾ മടക്കിക്കൊണ്ടു വരുകയെന്ന ലക്ഷ്യത്തോടെ തന്ത്രപൂർവമുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്. എസ്.എൻ.ഡി.പി യോഗം നേതൃസ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ ഏപ്രിൽ 11 ന് ചേർത്തലയിൽ സംഘടിപ്പിച്ച മഹാസംഗമം സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് കാഹളത്തിന് നാന്ദികുറിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ചേർത്തല എസ്.എൻ.ഡി.പി യൂണിയൻ ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മന്ത്രിമാരായ പി. രാജീവ്, വി.എൻ വാസവൻ, സജി ചെറിയാൻ, പി.പ്രസാദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഈ മാസം ആദ്യം വെള്ളാപ്പള്ളി നടേശൻ നിലമ്പൂരിൽ എസ്.എൻ.ഡി.പി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് നടത്തിയ പ്രസംഗം മുസ്ലിംലീഗ് വലിയ വിവാദമാക്കിയതിനു പിന്നാലെ ചേർത്തലയിൽ നടന്ന പരിപാടി ഏറെ രാഷ്ട്രീയ പ്രാധാന്യം നേടിയിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസംഗം വർഗീയ ചേരിതിരിവുണ്ടാക്കുന്നതും വിദ്വേഷം പരത്തുന്നതുമാണെന്നായിരുന്നു ലീഗിന്റെ ആക്ഷേപം. ഈ സാഹചര്യത്തിലാണ് ചേർത്തലയിൽ നടന്ന സമ്മേളനം ശ്രദ്ധയാകർഷിച്ചത്. സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശൻ തികഞ്ഞ മതേതരവാദിയാണെന്ന് തുറന്നടിച്ചത് ലീഗ് അടക്കമുള്ള വെള്ളാപ്പള്ളി വിരുദ്ധർക്ക് ചങ്കിലേറ്റ അടിയായി. മുഖ്യമന്ത്രിയുടെ നിലപാടിനെ കടുത്തഭാഷയിൽ വിമർശിച്ച് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയെങ്കിലും ഇക്കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ച മൗനമാണ് അതിലേറെ ശ്രദ്ധേയമായത്. വെള്ളാപ്പള്ളി വർഗീയവാദിയാണെന്ന ലീഗ് വിമർശനത്തിന്റെ മുനയൊടിയുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.

വെള്ളാപ്പള്ളി മതേതരവാദി

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എക്കാലവും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച സാമുദായിക നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചേർത്തലയിൽ നടന്ന അനുമോദനയോഗത്തിൽ അഭിപ്രായപ്പെട്ടു. ഒരുകാലത്തും മതനിരപേക്ഷതക്കെതിരായ നിലപാടെടുത്ത ആളല്ല വെള്ളാപ്പള്ളി. അദ്ദേഹം അടുത്തിടെ നടത്തിയ പ്രസംഗത്തെച്ചൊല്ലി ചില തെറ്റിദ്ധാരണകൾ പരത്താനുള്ള ശ്രമം ചിലരുടെ ഭാഗത്തു നിന്നുണ്ടായി. കാര്യങ്ങൾ നല്ലരീതിയിൽ അവതരിപ്പിക്കാനറിയാവുന്ന നേതാവാണദ്ദേഹം. ഏതെങ്കിലും മതത്തിനെതിരായി വെള്ളാപ്പള്ളി നിലപാട് സ്വീകരിച്ച ചരിത്രമില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരായാണ് സംസാരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും അത് മതത്തിനെതിരായാണെന്ന് ദുർവ്യാഖ്യാനം ചെയ്തു. യാഥാർത്ഥ്യങ്ങൾ വച്ചുകൊണ്ടാണ് ആ രാഷ്ട്രീയ പാർട്ടിക്കെതിരായി സംസാരിച്ചത്. എന്നാൽ ആ രാഷ്ട്രീയ പാർട്ടിയെ സംരക്ഷിക്കാൻ താത്പര്യമുള്ളവരാണ് വെള്ളാപ്പള്ളിക്കെതിരെ രംഗത്ത് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞത് യോഗം പ്രവർത്തകരിൽ സൃഷ്ടിച്ച ആവേശം ചെറുതല്ല. മുഖ്യമന്ത്രി ഇത് ഏറെ കണക്ക്കൂട്ടിത്തന്നെ പറഞ്ഞതാണെന്ന് വ്യക്തം. സി.പി.എമ്മിന്റെ പുതിയ ജനറൽ സെക്രട്ടറി എം.എ ബേബിയെയും തള്ളിയാണ് പിണറായി വിജയൻ തുറന്നടിച്ചത്. വെള്ളാപ്പള്ളിയുടെ നിലമ്പൂർ പ്രസംഗത്തെ വിമർശിച്ച് ബേബി സംസാരിച്ചതിന്റെ അടുത്തദിവസം തന്നെയാണ് പിണറായി വിജയൻ വെള്ളാപ്പള്ളിക്ക് ക്ളീൻ ചിറ്റ് നൽകിയതെന്നതും ശ്രദ്ധേയം.

ഈഴവ സമുദായത്തെ

കൂടെ നിറുത്താൻ..

ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലമാണ് സി.പി.എമ്മിനെ എസ്.എൻ.ഡി.പിയുമായി കൂടുതൽ അടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്. ആലത്തൂരിൽ കെ. രാധാകൃഷ്ണൻ വിജയിച്ചതൊഴിച്ചാൽ മറ്റു മണ്ഡലങ്ങളിലെല്ലാം സി.പി.എമ്മിന്റെ വോട്ട് വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായി. ഈഴവ വോട്ടുകൾ നിർണായക ശക്തിയായ ആലപ്പുഴയിലും ആറ്റിങ്ങലും ബി.ജെ.പി സ്ഥാനാർത്ഥികൾ നേടിയ വോട്ടുകളിൽ നല്ലൊരു പങ്കും സി.പി.എമ്മിന് ലഭിക്കേണ്ട ഈഴവ വോട്ടുകളായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ ബി.ജെ.പി അനുകൂല നിലപാടും അന്ന് ചർച്ചാവിഷയമായതാണ്. മലപ്പുറം ജില്ലയിലെ ഒരു വിഭാഗം എല്ലാം കൈയ്യടക്കി വച്ചിരിക്കുന്നുവെന്നും പിന്നാക്കക്കാരായ ഹിന്ദുക്കൾ അവിടെ പിന്നാമ്പുറത്താണെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലമ്പൂർ പ്രസംഗത്തിന്റെ രത്നചുരുക്കം. ഇത് മുസ്ലിം ലീഗിനെ ലക്ഷ്യം വച്ചായിരുന്നുവെങ്കിലും വെള്ളാപ്പള്ളി പറഞ്ഞ കാര്യങ്ങളിൽ വാസ്തവം ഉണ്ടെന്ന് വെള്ളാപ്പള്ളി വിരുദ്ധർ പോലും സമ്മതിക്കുന്നുണ്ട്. ഏതാനും മാസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമായതാണ്. തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിലെ 80 ഓളം നിയമസഭാ മണ്ഡലങ്ങളിൽ ഈഴവ, പിന്നാക്ക വിഭാഗ വോട്ടുകൾ നിർണായകമാണ്. ചേർത്തലയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗവും വെള്ളാപ്പള്ളിക്ക് നൽകിയ ക്ളീൻചീറ്റും വരാൻ പോകുന്ന രാഷ്ട്രീയ നീക്കങ്ങളുടെ നാന്ദികുറിക്കലാണെന്ന് വ്യക്തം.

പിന്നാക്ക വിഭാഗത്തെ

തഴയുന്ന കോൺഗ്രസ്

ഈഴവ, പിന്നാക്ക വിഭാഗങ്ങളോട് കോൺഗ്രസ് നേതൃത്വം കഴിഞ്ഞ കുറെക്കാലമായി നടത്തുന്ന അവഗണനയെക്കുറിച്ച് ഏറ്റവുമധികം സംസാരിക്കുന്നത് വെള്ളാപ്പള്ളിയാണ്. കേരള നിയമസഭയിൽ 41 എം.എൽ.എ മാരുള്ള യു.ഡി.എഫിൽ ഈഴവ പ്രാതിനിദ്ധ്യം ഒറ്റയാളിൽ മാത്രമായി ഒതുങ്ങുന്നു. നിർണായക ശക്തിയായ ഈഴവവിഭാഗത്തെ ഒപ്പം നിറുത്താൻ കോൺഗ്രസ് കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ള പ്രാതിനിധ്യം കൂടി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിക്കാൻ കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ മാസങ്ങളായി ശ്രമിക്കുകയാണ്. കെ.സുധാകരന് പകരം ഉയർത്തുന്ന പേരുകൾ ആന്റോ ആന്റണി, റോജി എം. ജോൺ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരുടേതാണ്. അടൂർ പ്രകാശ് എം.പി, കെ.സുധാകരന്റെ ആരോഗ്യപ്രശ്നങ്ങൾക്കിടെയും കെ.പി.സി.സിയെ മികച്ച നിലയിൽ നയിക്കുന്ന എം. ലിജു എന്നിവരുടെ പേരുകൾ പരിഗണനയിലേയില്ല. ദളിത് വിഭാഗക്കാരനായ ഒരാളെ പ്രസിഡന്റാക്കിയാൽ മികച്ച ട്രാക്ക് റിക്കാർഡുള്ള കൊടിക്കുന്നിൽ സുരേഷിനെപ്പോലുള്ളവ‌രെ പരിഗണിക്കാം. എന്നാൽ കോൺഗ്രസിന്റെ സമീപകാല നിലപാടുകളെല്ലാം ഈഴവ, പിന്നാക്ക വിഭാഗങ്ങളെ അകറ്റുന്നതാണെന്ന തിരിച്ചറിവിൽ നിന്നാണ് സി.പി.എം ആ വിഭാഗങ്ങളെ കൂടെ നിറുത്താനുള്ള നീക്കം ശക്തമാക്കിയത്. വെള്ളാപ്പള്ളിക്കെതിരെ വി.എം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും പോലുള്ള ചുരുക്കം ചിലർ വിമർശനം ഉന്നയിച്ചതൊഴിച്ചാൽ പ്രതിപക്ഷ നേതാവടക്കമുള്ളവർ മൗനം പാലിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. കെ. സുരേന്ദ്രനെ ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റിയപ്പോൾ പകരം വന്നത് മുന്നാക്കക്കാരനായ രാജീവ് ചന്ദ്രശേഖറാണ്. കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരുടെ കാര്യത്തിലും പിന്നാക്ക പ്രാതിനിദ്ധ്യം ഉറപ്പാക്കാനായില്ല. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസാണ് ഈഴവ വോട്ടുകൾ ബി.ജെ.പി ക്ക് സമാഹരിക്കുന്നത്. എന്നാൽ ചേർത്തലയിലെ പരിപാടിക്കെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാനും യാത്രയാക്കാനും മുന്നിട്ടു നിന്നത് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. പലവിധ രാഷ്ട്രീയ അഭ്യൂഹങ്ങൾക്കും ഇത് വഴിവച്ചിട്ടുണ്ട്.