നിവിൻ പോളിയുടെ ഡോൾബി ദിനേശൻ

Wednesday 16 April 2025 4:06 AM IST

നിവിൻ പോളിയെ നായകനാക്കി താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ഡോൾബി ദിനേശൻ എന്ന് പേരിട്ടു. ദിനേശൻ എന്ന ഓട്ടോഡ്രൈവറു‌ടെ വേഷമാണ് നിവിന്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്ത്.

ആയിരത്തൊന്നു നുണകൾ, സർക്കീട്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് താമർ. ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഡോൺ വിൻസെന്റാണ് സംഗീതം. പ്രോഡക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ. എഡിറ്റർ നിഥിൻ രാജ് ആരോൾ. അനിമൽ ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ സൗണ്ട് വിഭാഗം കൈകാര്യം ചെയ്ത സിങ്ക് സിനിമ ഡോൾബി ദിനേശനിലൂടെ മലയാളത്തിലേക്ക് എത്തുന്നു.

മേയ് മദ്ധ്യത്തിൽ ചിത്രീകരണം ആരംഭിക്കും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം. താമറിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായ സർക്കീട്ട് നിർമ്മിച്ചതും അജിത് വിനായക ഫിലിംസ് ആണ്. അതേസമയം നിവിൻ പോളി നായകനായി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ലിജോ മോൾ ജോസ് ആണ് നായിക. അഭിമന്യു തിലകൻ, സംഗീത് പ്രതാപ്, അശ്വന്ത് ലാൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബോബി സഞ്ജയ് രചന നിർവഹിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. മേയ് 4ന് ബേബി ഗേളിന്റെ തുടർചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും. ഒരുമാസത്തെ ചിത്രീകരണം കൊച്ചിയിലുണ്ട്.