നേതൃത്വത്തിന് ചെറുപ്പം: കണ്ണൂർ പാർട്ടിയിൽ തലമുറ മാറ്റം
കണ്ണൂർ:മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ.രാഗേഷ് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതോടെ കണ്ണൂർ സി.പി.എമ്മിൽ തലമുറ മാറ്റം. രാജ്യത്തെ തന്നെ സി പി.എമ്മിന്റെ ഏറ്റവും പ്രധാനപ്പെട്ട ജില്ലാ കമ്മിറ്റിയാണ് കണ്ണൂരിലേത്. സംസ്ഥാന സെക്രട്ടറി പദവത്തിലെത്തുന്നതിന് മുൻപ് ചടയൻ ഗോവിന്ദനും പിണറായിയും കോടിയേരിയും എം.വി. ഗോവിന്ദനും ഇരുന്ന പദവിയിലാണ് രാഗേഷിന്റെ ഊഴം.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് കെ.കെ.രാഗേഷിനെ സെക്രട്ടറിയായി നിശ്ചയിച്ചത്. തളിപ്പറമ്പിൽ നടന്ന ജില്ലാ സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.വി. ജയരാജൻ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തിയതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിക്ക് വഴി തെളിഞ്ഞത്.
നേരത്തെ എം.വി.ജയരാജൻ സ്ഥാനത്തേക്കെത്തിയത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ്. ഇപ്പോൾ കെ.കെ.രാഗേഷ് എത്തുന്നതും ഇതേ പദവിയിൽനിന്നു തന്നെ. എം.പ്രകാശൻ, ടി.വി. രാജേഷ് എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി രാഗേഷിന്റെ പേര് നിർദേശിച്ചതോടെ മറ്റ് പേരുകളൊന്നും ഉയർന്നില്ല. 2019ലാണ് എം.വി.ജയരാജൻ ജില്ലാ സെക്രട്ടറിയായത്. പി.ജയരാജനെ മാറ്റിയായിരുന്നു എം.വി.ജയരാജന്റെ വരവ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.ജയരാജൻ വടകരയിൽ സ്ഥാനാർത്ഥി ആയതോടെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി.ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പി.ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ നൽകിയിരുന്നില്ല. പിന്നീട് 2021ലെ ജില്ലാ സമ്മേളനത്തിലും 2025ലെ സമ്മേളനത്തിലും എം.വി.ജയരാജനെ തന്നെ തിരഞ്ഞെടുത്തു. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർത്ഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല ടി.വി. രാജേഷിനായിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എം.വി.ജയരാജന് പി.ജയരാജന് നഷ്ടപ്പെട്ടതുപോലെ സെക്രട്ടറി സ്ഥാനം നഷ്ടമായിരുന്നില്ല.
മുന്നിൽ വെല്ലുവിളികൾ
പാർലമെന്ററി രംഗത്തല്ലാതെ കണ്ണൂർ കേന്ദ്രീകരിച്ചു സംഘടനാരംഗത്തെ പരിചയകുറവ് കെ.കെ.രാഗേഷിന് പ്രധാന വെല്ലുവിളിയാകും. കണ്ണൂർ പാർട്ടി നേതാക്കൾക്കിടയിൽ മുൻകാലങ്ങളിലെ പോലെ ഐക്യമില്ലെന്നതും വെല്ലുവിളിയാണ്. നിലവിൽ ജില്ലയിലെ പ്രമുഖരടക്കമുള്ള നേതാക്കൾ പല തുരുത്തുകളിലാണ്. ഈ സാഹചര്യത്തിൽ മികച്ച നയതന്ത്രം മുന്നോട്ടു പോക്കിന് ആവശ്യമാണ്.ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയും ശക്തി കേന്ദ്രങ്ങളിലെ ബി.ജെ.പി വളർച്ചയും ശ്രദ്ധ പതിയേണ്ട വിഷയങ്ങളാണ്.
12 അംഗ ജില്ലാ സെക്രട്ടറിയേറ്റ്
ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി യോഗം 12 അംഗ പുതിയ ജില്ലാ സെക്രട്ടേറിയറ്റിനെും തിരഞ്ഞെടുത്തു. കെ.കെ.രാഗേഷ്, എം.സുരേന്ദ്രൻ, കാരായി രാജൻ, ടി.കെ.ഗോവിന്ദൻ , പി.വി.ഗോപിനാഥ്, പി.ഹരീന്ദ്രൻ, പി.പുരുഷോത്തമൻ, ടി.ഐ. മധുസൂദനൻ, എൻ.സുകന്യ, കെ.വി.സുമേഷ്, സി.സത്യപാലൻ, എം.കരുണാകരൻ എന്നിവരാണ് പുതിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ. ആലക്കോട് നിന്നുള്ള എം.കരുണാകരനാണ് ജില്ലാ സെക്രട്ടറിയേറ്റിലെ പുതുമുഖം.